Snowstorm in Pakistan : പാകിസ്ഥാനിലെ മഞ്ഞുവീഴ്ച; മരണം 23 ആയി, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും

By Web TeamFirst Published Jan 9, 2022, 3:59 PM IST
Highlights

ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.

ലാഹോര്‍: മഞ്ഞുവീഴ്ചയിൽ (Snow storm) 23 വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ (Pakistan) മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ സൈനികരെ നിയോഗിച്ചു. ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.

വടക്കൻ പാകിസ്ഥാനിലെ മൂരി മലമേഖലയിൽ മഞ്ഞ് കാണാനെത്തിയ വിനോദസഞ്ചാരികളാണ് തണുത്തുവിറച്ച് മരിച്ചത്. ഇസ്ലാമാബാദ് പൊലീസ് ഉദ്യോഗസ്ഥൻ നവീദ് ഇക്ബാലും ഭാര്യയും 6 മക്കളും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അടക്കം 23 പേരാണ് ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. മഞ്ഞുവീഴ്ച കൂടിയതോടെ വാഹനത്തിലെ ഹീറ്ററുകൾ ഓണാക്കി യാത്ര തുടർന്നതാണ് ഓക്സിജൻ കുറവിന് ഇടയാക്കിയത്. അപകടത്തിന് ശേഷം മേഖലയിൽ നിന്ന് 300 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിക്കുന്നു. ഇനിയും നിരവധി പേർ പലയിടത്തായി കുടുങ്ങിക്കിടപ്പുണ്ട്.

മഞ്ഞുകാലത്തിന്റെ മനോഹരദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യാത്രക്കാർ കൂട്ടത്തോടെ എത്തുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങള്‍ പറയുന്നു. അപകടത്തിന് ശേഷം ഒന്നേകാൽ ലക്ഷത്തിലധികം കാറുകൾ കണ്ടെത്തിയിട്ടുണ്ട്. പലരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നിറഞ്ഞ് പല പാതകളിലും ഗതാഗതം സാധ്യമല്ലാതായി. അപകട പശ്ചാത്തലത്തിൽ മേഖലയിൽ അടിയന്തരാവസ്ഥയും, യാത്രാ നിയന്ത്രണവും ‌ഏർപ്പെടുത്തി. ദുരന്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാക് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

click me!