Covid 19 | കൊവിഡ് 19-ന് പുതിയ വകഭേദം; രൂപം ആശങ്കയ്ക്ക് വകയുള്ളതെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ

By Web TeamFirst Published Nov 25, 2021, 9:02 PM IST
Highlights

കൊവിഡ് 19-ന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച്  വരികയാണെന്നും അവർ അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡ് 19-ന്റെ (new variant Covid 19) പുതിയ വകഭേദം  കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ (South African scientists ). കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച്വ വരികയാണെന്നും അവർ അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്.  അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും ശാസ്ത്രജ്ഞർ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം,  ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിൽ  ഇതിനകം തന്നെ വൈറസ് വകഭേദം  ഉണ്ടായിരിക്കാമെന്നും അവർ പറഞ്ഞു.

ഏകദേശം 100 സാമ്പിളുകളിൽ B.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. എന്നാൽ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും B.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

വിവരങ്ങൾ പരിമിതമാണെങ്കിലും, ഞങ്ങളുടെ ശാസ്ത്രജ്ഞർ പുതിയ വകഭേദത്തെക്കുറിച്ചും, വരാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അഹോരാത്രം  പ്രവർത്തിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പ്രസ്താവനയിൽ അറിയിച്ചു.  പുതിയ വകഭേദത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്,  വെള്ളിയാഴ്ച തന്നെ  ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രവർത്തനാംഗങ്ങളുടെ അടിയന്തര സിറ്റിംഗ് നടത്താനും ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ബീറ്റ വകഭേദവും കണ്ടെത്തിയ ആദ്യ രാജ്യം ദക്ഷിണാഫ്രിക്ക  ആയിരുന്നു. ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ച വകഭേദമാണ്  ബീറ്റ. പകർച്ചാ നിരക്ക് കൂടുതലാണെന്നതും, പല വാക്‌സിനുകൾ ഇതിനെതിരെ നന്നായി പ്രവർത്തിക്കുന്നില്ല എന്നതുമാണ് കാരണം. 

click me!