
ജൊഹനാസ്ബർഗ്: കൂടുതൽ പലസ്തീനികളുമായുള്ള ചാർട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയിൽ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജൊഹനാസ്ബർഗിലെ ഒ ആർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ വിമാനത്തിലാണ് 153 പലസ്തീൻ സ്വദേശികളെത്തിയത്. ഈ വിമാനം ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീനുകാരെ ഒഴിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള തിങ്കളാഴ്ച പ്രതികരിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ആരോപണത്തേക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. എന്നാൽ 153 പലസ്തീൻ സ്വദേശികളെ സ്വീകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക സമ്മതിച്ചിരുന്നുവെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്.
ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബി വഴിയാണ് സംഘം രാജ്യത്തേക്ക് പറന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദമാക്കുന്നത്. മുൻകൂട്ടി അറിയിക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്യാതെ ആയിരുന്നു ഇതെന്നും പലസ്തീൻ എംബസി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗാസയിലെ പൗരന്മാരുടെ അവസ്ഥ ചൂഷണം ചെയ്യപ്പെട്ടുവെന്നും രജിസ്റ്റർ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും പലസ്തീൻ കുടുംബങ്ങളിൽ നിന്ന് പണം പിരിച്ച ശേഷം നിരുത്തരവാദപരമായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദമാക്കുന്നത്, വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 153 പലസ്തീൻകാരുമായി ചാർട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്. രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. വിസയില്ലാതെ 90 ദിവസത്തേക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാൻ പലസ്തീൻ പൗരന്മാർക്ക് അനുമതിയുണ്ട്.
എന്നാൽ വ്യാഴാഴ്ച എത്തിയ ആർക്കും തന്നെ യാത്രാ രേഖകളോ മറ്റ് രേഖകളോ ഇല്ലാത്തതാണ് വലിയ രീതിയിലെ ആശയക്കുഴപ്പത്തിലേക്ക് വഴി തെളിച്ചത്. പിന്നീട് ഒരു പ്രാദേശിക ചാരിറ്റിയുടെ ഇടപെടലിനെത്തുടർന്ന് സംഘത്തിന് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങാൻ അനുമതി നൽകുകയായിരുന്നു. ഈ നടപടി സഹാനുഭൂതിയും,അനുകമ്പയും കൊണ്ടാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ വിശദമാക്കുകയും ചെയ്തിരുന്നു. ഗാസ വിടാൻ പലസ്തീൻ സ്വദേശികളിൽ സമ്മർദ്ദം ശക്തമാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേൽ അധിനിവേശത്തിന് പിന്നാലെ 40000ലേറെ പലസ്തീനികളാണ് ഗാസയിൽ നിന്ന് ഒഴിഞ്ഞ് പോയത്. ശേഷിക്കുന്നവരെ ചൂഷണം ചെയ്ത് പണം വാങ്ങിയ ശേഷം ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതായും റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ജറുസലേമിൽ വേരുകളുള്ള അൽ മജ്ദ് ഇത്തരത്തിൽ ഗാസയിൽ നിന്ന് പലസ്തീനികളെ തുടച്ച് മാറ്റുന്നതായി ആരോപണം ശക്തമായിരുന്നു.
അൽ മജ്ദ്ന് ഇസ്രയേലുമായി ബന്ധമുണ്ടെന്നും അൽ മജ്ദ് ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ സഹായിക്കുകയാണ് എന്നാണ് ദക്ഷിണാഫ്രിക്കയിലെ എൻജിഒകൾ അവകാശപ്പെട്ടിരുന്നു. പലസ്തീൻ ഇസ്രയേൽ വിഷയത്തിൽ ദക്ഷിണാഫ്രിക്ക പാലസ്തീനെ ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രയേൽ ഗാസയിൽ വംശഹത്യ ചെയ്യുന്നുവെന്ന് യുഎൻ കോടതിയിൽ ഉന്നയിച്ചതും ദക്ഷിണാഫ്രിക്കയായിരുന്നു. വ്യാഴാഴ്ച രാജ്യത്തെത്തിയ വിമാനം പലസ്തീനികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുക എന്ന നിഗൂഡമായ അജണ്ടയുടെ ഭാഗമാണെന്ന് റൊണാൾഡ് ലമോള പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam