ക്രഷ് മൂത്ത് വീട്ടില്‍ക്കയറി; ഡോര്‍ബെല്‍ അടിച്ചത് 133 തവണ; ബിടിഎസ് സൂപ്പര്‍ ഗായകനെ ശല്യപ്പെടുത്തി; യുവതിക്ക് തടവുശിക്ഷ; നാടുകടത്തല്‍ ഭീഷണി

Published : Jun 23, 2026, 04:41 PM IST
Jungkook BTS SUper star

Synopsis

ജങ്കൂക്കിനോടുള്ള 'അമിതമായ സ്‌നേഹം' കാരണമാണ് താന്‍ ഇതൊക്കെ ചെയ്തതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്‌നേഹ പ്രകടനത്തിന്റെ പേരില്‍ യുവതി കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

സിയൂള്‍: ലോകപ്രശസ്ത കെ പോപ്പ് ബാന്റായ ബിടിഎസിലെ സൂപ്പര്‍ ഗായകനെ വീട്ടില്‍ക്കയറി ശല്യം ചെയ്ത കേസില്‍ യുവതിക്ക് ദക്ഷിണ കൊറിയയില്‍ തടവുശിക്ഷ. . സൂപ്പര്‍ താരം ജങ്കൂക്കിനെ (Jungkook) നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന കേസിലാണ് മുപ്പതുകാരിയായ ബ്രസീലിയന്‍ യുവതിക്ക് ദക്ഷിണ കൊറിയന്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരെ വിവിധ കുറ്റങ്ങളാണ് ചുമത്തിയത്. ഒരു ദിവസം മാത്രം ഇവര്‍ ഗായകന്റെ വീടിന്റെ ഡോര്‍ബെല്‍ 133 തവണ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കേസില്‍ പറയുന്നു. ഇതിന് പിന്നാലെ ഇവരെ ദക്ഷിണ കൊറിയയില്‍ നിന്നും നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിയൂള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ ബ്രസീലിലേക്ക് നാടുകടത്താനാണ് സാധ്യത. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ യുവതിക്ക് അവസരമുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുപ്പതുകാരിയായ ഈ ബ്രസീലിയന്‍ യുവതി 28-കാരനായ ജങ്കൂക്കിനെ പിന്തുടരാന്‍ തുടങ്ങിയത്. ജങ്കൂക്കിനോടുള്ള 'അമിതമായ സ്‌നേഹം' കാരണമാണ് താന്‍ ഇതൊക്കെ ചെയ്തതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്‌നേഹ പ്രകടനത്തിന്റെ പേരില്‍ യുവതി കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. താരത്തിന്റെ വീട്ടുമതില്‍ ചാടിക്കടന്ന് കത്തുകളും ഫോട്ടോകളും അകത്തേക്കിട്ടു, ഒരു ഡെലിവറി ബോയ് വീടിന്റെ സൈഡ് ഗേറ്റ് തുറന്ന സമയം നോക്കി വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറി എന്നിങ്ങനെയാണ് പരാതികള്‍. ഡിസംബറിലെ ഒരു ദിവസം മാത്രം തുടര്‍ച്ചയായി 133 തവണയാണ് ഇവര്‍ ഡോര്‍ബെല്‍ അടിച്ചതായും പരാതിയുണ്ട്.

ഡിസംബര്‍ 13-ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന താക്കീതില്‍ വിട്ടയച്ചു. എന്നാല്‍ പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ വീണ്ടുംവീടിന് ചുറ്റും കറങ്ങിനടന്നു. ഒടുവില്‍ താരത്തിന്റെ വീടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്ന് പോലീസ് അടിയന്തര ഉത്തരവിറക്കിയെങ്കിലും യുവതി പിന്മാറിയില്ല. ഏതാണ്ട് 22 തവണയാണ് ഇവര്‍ ജങ്കൂക്കിന്റെ സ്വകാര്യ വസതിക്ക് മുന്നിലെത്തിയത്.

ചില ഇളവുകള്‍ പരിഗണിച്ചാണ് കോടതി രണ്ട് വര്‍ഷത്തെ തടവുശിക്ഷ ഒരു വര്‍ഷമാക്കി കുറച്ചത്. എങ്കിലും, ഒരു വിദേശ പൗരന്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് പ്രശസ്ത വ്യക്തികളെ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍, ജങ്കൂക്ക് നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, വീടിന്റെ ഡിജിറ്റല്‍ ലോക്ക് കോഡ് അടിച്ച് അകത്തുകയറാന്‍ ശ്രമിച്ച മുപ്പതുകാരിയായ ചൈനീസ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണായക തീരുമാനവുമായി ട്രംപ്, നിർദേശം ഉടനടി പാലിച്ച് യുഎസ് ട്രഷറി വകുപ്പ്; ഇറാൻ്റെ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിന് ഇളവ്
എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി