പ്രതിരോധരം​ഗത്ത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ കരാർ. പുതിയ കരാർ പ്രകാരം ഒരുരാജ്യത്തിന് നേരേയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

റിയാദ്: സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനും സുപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് മൂന്ന് രാജ്യങ്ങളും 'മക്ക സംയുക്ത പ്രതിരോധ കരാർ' എന്ന് പേരിട്ട നിർണായക കരാറിൽ ഒപ്പുവെച്ചത്. വെള്ളിയാഴ്ച സൗദിയിൽ നടന്ന യോ​ഗത്തിൽ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോ​ഗാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമാണ് കരാറിൽ ഒപ്പിട്ടത്. അതേസമയം, സൗദി-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാറിൽ ഇന്ത്യ പ്രതികരണവുമായി രം​ഗത്തെത്തി. സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ അറിയിച്ചു.

പ്രതിരോധരം​ഗത്ത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ കരാർ. പുതിയ കരാർ പ്രകാരം ഒരുരാജ്യത്തിന് നേരേയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പശ്ചിമേഷ്യയിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ തുടരുന്നതിനിടെയും സുരക്ഷാ ആശങ്കകൾക്കിടെയുമാണ് സൗദി തുർക്കിയുമായും പാകിസ്ഥാനുമായും പുതിയ കരാറിലേർപ്പെടുന്നത്. ആണവശക്തിയായ പാകിസ്ഥാനുമായും നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനികശക്തിയായ തുർക്കിയുമായും പ്രതിരോധ കരാറിലേർപ്പെടുന്നത് സൗദിയുടെ പ്രതിരോധമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്നും ​ഹൂതി വിമതരിൽനിന്നും സൗദിക്ക് നേരേ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നതിനിടെയാണ് പുതിയ കരാറെന്നതും ശ്രദ്ധേയമാണ്. പുതിയ കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾക്കും സൈനിക പരിശീലനത്തിനും സാങ്കേതികവിദ്യകളുടെയും ഇന്റലിജൻസ് വിവരങ്ങളുടെയും കൈമാറ്റത്തിനും ധാരണയിലെത്തിയതായും തുർക്കിയിലെ ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തു.