മുഖംമൂടി ധരിച്ചെത്തി തോക്കുചൂണ്ടി, ശബ്‌ദം തിരിച്ചറിഞ്ഞപ്പോൾ തമാശയെന്നായി, ഒടുവിൽ കവർച്ചാശ്രമത്തിന് അറസ്റ്റിൽ

Published : Mar 12, 2020, 02:29 PM ISTUpdated : Mar 12, 2020, 02:34 PM IST
മുഖംമൂടി ധരിച്ചെത്തി തോക്കുചൂണ്ടി, ശബ്‌ദം തിരിച്ചറിഞ്ഞപ്പോൾ തമാശയെന്നായി, ഒടുവിൽ കവർച്ചാശ്രമത്തിന് അറസ്റ്റിൽ

Synopsis

തന്നെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന്  മനസ്സിലായതോടെ ലൂക്ക് മറ്റൊരു തന്ത്രം പുറത്തെടുത്തു. തന്റെ മാസ്ക് ഊരിമാറ്റി അയാൾ പറഞ്ഞു, " പറ്റിച്ചേ..! " 

കാർഡിഫ് : ടൗണിലെ ഒരു സ്‌നൂക്കർ ക്ലബ്ബിൽ കാഷ്യറായിരുന്നു വെറ്റ് സ്മിത്ത്. അവിടെ സ്ഥിരം വന്നുപോകുമായിരുന്ന ലൂക്ക് ജോൺസ് എന്ന പയ്യൻ ഇടയ്ക്കിടെ അവരോട് കുശലം പറയുമായിരുന്നു.  പകൽ ലൂക്ക് അവരോട് കാഷ് രജിസ്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോൾ തന്നെ അവർക്ക് ആകെ ഒരു പന്തികേട് തോന്നിയിരുന്നു. എന്നാൽ അത് അവർ ആരോടും പറഞ്ഞില്ല. 

രാത്രി ഏതാണ്ട് പതിനൊന്നേ കാൽ ആകുന്നു. കട അടയ്ക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവർ. പെട്ടെന്ന് മുഖംമൂടി ധരിച്ച ഒരു ചെറുപ്പക്കാരൻ ഒരു കറുത്ത തോക്കും ചൂണ്ടിക്കൊണ്ട് കൗണ്ടറിലേക്ക് കടന്നുവന്നു. പണം മുഴുവൻ ഉടൻ കൊടുത്തില്ലെങ്കിൽ വെടിവെച്ചു കൊന്നുകളയും എന്നായിരുന്നു ഭീഷണി. എന്നാൽ, ഭീഷണിയുടെ ആ സ്വരം തനിക്ക് ഏറെ പരിചിതമാണല്ലോ എന്ന് വെറ്റ് സ്മിത്ത് ഓർത്തു. ആ സ്വരത്തിന്റെ ഉടമയുടെ മുഖവും പെട്ടെന്ന് തന്നെ അവരുടെ മനസ്സിലേക്ക് കയറിവന്നു. ഏറെ പരിഭ്രാന്തമായ ആ മാനസികാവസ്ഥയിലും അവർ ചോദിച്ചു, " ലൂക്ക് നീ എന്താണീ ചെയ്യുന്നത്..?" 
 

തന്നെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് അപ്പോൾ തന്നെ ലൂക്കിന് മനസ്സിലായി. അതോടെ അയാൾ മറ്റൊരു തന്ത്രം പുറത്തെടുത്തു. തന്റെ മാസ്ക് ഊരിമാറ്റി അയാൾ പറഞ്ഞു, " പറ്റിച്ചേ..! " 


 

"പേടിച്ചു പോയോ..? " അയാൾ ചോദിച്ചു " ഞാൻ നിങ്ങളെ ഒന്ന് പറ്റിക്കാൻ നോക്കിയതല്ലേ..! ദേ.. ഇത് ഒറിജിനൽ തോക്കല്ല..കണ്ടോ.." അതും പറഞ്ഞു കൊണ്ട് ലൂക്ക് ആ തോക്ക് കഷ്ണങ്ങളാക്കി കാണിച്ചു. അപ്പോഴും വിറച്ചുകൊണ്ടിരുന്ന വെറ്റ് സ്മിത്തിനെ അയാൾ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. അവർ അത് നിരസിച്ചതോടെ അയാൾ അവിടെ നിന്ന് സ്ഥലം വിട്ടു. 

 


 

 

നേരെ തന്റെ വീട്ടിലേക്ക് ചെന്ന്, അച്ഛന്റെ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നു. കവർച്ചാശ്രമം പാളിയ സ്ഥിതിക്ക് താമസിയാതെ പൊലീസ് തന്നെ തേടിയെത്തും എന്ന് അയാൾക്ക് അറിയാമായിരുന്നു. വീട്ടിൽ പരിശോധന നടത്തിയ ഓഫീസർമാർ അലമാരക്കുള്ളിൽ നിന്ന് ലൂക്കിനെ കസ്റ്റഡിയിലെടുത്തു. 


 

പൊലീസുകാരോടും അയാൾ തന്റെ 'പറ്റിക്കൽ' കഥ ആവർത്തിക്കാൻ ശ്രമിച്ചു എങ്കിലും, അവർ അയാളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. എന്നാൽ, തന്റെ മയക്കുമരുന്ന്, അടിപിടി ചരിത്രങ്ങൾ കോടതിയിൽ ലൂക്കിന് വിനയായി. അയാൾ പറഞ്ഞ കഥകളൊക്കെ തള്ളിക്കളഞ്ഞ കോടതി നാലുവർഷത്തെ തടവിന് ശിക്ഷിച്ചതോടൊപ്പം, ഈ പ്രവൃത്തികൊണ്ട് വെറ്റ് സ്മിത്തിനുണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരമായി ഒരു തുക പിഴയായി കോടതിയിൽ അടയ്ക്കാനും ഉത്തരവിട്ടു. അടുത്ത പതിനഞ്ചു വർഷത്തേക്ക് വെറ്റ് സ്മിത്തിന്റെ ഏഴയലത്തേക്ക് ചെല്ലരുത് എന്നൊരു റെസ്ട്രൈനിങ് ഓർഡറും കോടതി പുറപ്പെടുവിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്