
മാഡ്രിഡ്: തെക്കുകിഴക്കന്‍ സ്‌പെയിനിലെ അല്‍മേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ നാല് ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു. ലോസ് ഗല്ലാര്‍ഡോസ് നഗരസഭയിലെ ബെദാര്‍ ഗ്രാമത്തിലാണ് വന്‍ദുരന്തമുണ്ടയത്. 23 ഓളം പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സ്‌പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നാണിത്.
തീപ്പിടുത്തത്തില്‍ പൂര്‍ണ്ണമായി കരിഞ്ഞുപോയ കാറില്‍ നിന്നാണ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ വാഹനം ബ്രിട്ടനില്‍ നിന്നുള്ള വിനോദസഞ്ചാരികളുടേതാണെന്നാണ് അധികൃതര്‍ അറിയിച്ചത്. ഔദ്യോഗികമായി നിര്‍ദ്ദേശിച്ച പാതയിലൂടെയല്ലാതെ, മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഉണങ്ങിയ നദീതടത്തിലൂടെ കാര്‍ ഓടിച്ചുപോയ ഇവര്‍ക്ക് ചുറ്റും പെട്ടെന്ന് തീ പടരുകയായിരുന്നു.
ദിവസങ്ങളായി ദക്ഷിണ യൂറോപ്പില്‍, പ്രത്യേകിച്ച് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. കടുത്ത വരള്‍ച്ചയാണിവിടെ. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റും ചേര്‍ന്നതോടെയാണ് ഉച്ചയോടെ പടര്‍ന്ന തീ അതിവേഗം ജനവാസ മേഖലകളിലേക്ക് എത്തിച്ചത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗതയിലാണ് യൂറോപ്പിലെ താപനില ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam