വംശനാശഭീഷണി നേരിടുന്ന ജീവികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഇനിമുതല്‍ എണ്ണ ഖനനം, ഖനന പ്രവര്‍ത്തനങ്ങള്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവ അനുവദിച്ചുകൊണ്ട് ആഭ്യന്തര-വാണിജ്യ വകുപ്പുകള്‍ പുതിയ ഭേദഗതിക്ക് അന്തിമരൂപം നല്‍കി.

വാഷിംഗ്ടണ്‍: വംശനാശഭീഷണി നേരിടുന്ന വന്യജീവികള്‍ക്കും സസ്യങ്ങള്‍ക്കും പതിറ്റാണ്ടുകളായി സംരക്ഷണം നല്‍കിയിരുന്ന പരിസ്ഥിതി നിയമം അട്ടിമറിച്ച് ട്രംപ് ഭരണകൂടം. വംശനാശഭീഷണി നേരിടുന്ന ജീവികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഇനിമുതല്‍ എണ്ണ ഖനനം, ഖനന പ്രവര്‍ത്തനങ്ങള്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവ അനുവദിച്ചുകൊണ്ട് ആഭ്യന്തര-വാണിജ്യ വകുപ്പുകള്‍ പുതിയ ഭേദഗതിക്ക് അന്തിമരൂപം നല്‍കി. പുതിയ ഭേദഗതി പ്രകാരം വന്യജീവികളെ നേരിട്ട് വേട്ടയാടുന്നതും കൊല്ലുന്നതും മാത്രമായിരിക്കും ഇനിമുതല്‍ കുറ്റകരം. പുതിയ നിയമ ഭേദഗതി വരും ദിവസങ്ങളില്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വന്യജീവികളുടെ വാസസ്ഥലങ്ങള്‍ക്ക് നാശം വരുത്തുന്നത് നിരോധിക്കുന്നതാണ് 1973-ലെ ചരിത്രപ്രസിദ്ധമായ 'എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്ട്. ജീവികളുടെ വംശവര്‍ദ്ധനവിനെയും ഭക്ഷണ സമ്പാദനത്തെയും ബാധിക്കുന്ന തരത്തിലുള്ള വാസസ്ഥല വ്യതിയാനങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഈ നിയമം പറയുന്നത്. ഇത് 1995-ല്‍ യുഎസ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു് എന്നാല്‍, ഈ പഴയ നിര്‍വചനം കാലഹരണപ്പെട്ടതാണെന്നാണ് ട്രംപ് സര്‍ക്കാരിന്റെ വാദം.

അനാവശ്യമായ നിയന്ത്രണങ്ങള്‍ ബിസിനസ്സ് മേഖലയുടെയും കൈകള്‍ കെട്ടിയിടുകയാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം പ്രസ്താവിച്ചു. 'വര്‍ഷങ്ങളായി ഫെഡറല്‍ ഏജന്‍സികള്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ്. ഇത് നിയമപരമായ ഭൂവിനിയോഗത്തെ തടസ്സപ്പെടുത്തുന്നു. വ്യവസായങ്ങള്‍ക്ക് ബാധ്യതയാവുന്നു. പുതിയ പരിഷ്‌കാരം വന്യജീവി സംരക്ഷണത്തോടൊപ്പം സ്വകാര്യ സ്വത്തവകാശത്തെയും ബഹുമാനിക്കുന്നതാണ്.'-ബര്‍ഗം പറയുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ നീങ്ങുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും ആശ്വാസമാകുമെന്ന് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക് വ്യക്തമാക്കി.

എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. വാസസ്ഥലം നഷ്ടപ്പെടുന്നതാണ് ഒരു ജീവിവര്‍ഗ്ഗം ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടാനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് എര്‍ത്ത് ജസ്റ്റിസ് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് വീണ്ടും സുപ്രീം കോടതിയില്‍ എത്തിയാല്‍ തീവ്ര യാഥാസ്ഥിതിക നിലപാടുകള്‍ എടുത്തുവരുന്ന കോടതിയില്‍ നിന്ന് അനുകൂല വിധി നേടുക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എളുപ്പമാകില്ല. മെക്‌സിക്കോ ഉള്‍ക്കടലിലെ അതീവ വംശനാശഭീഷണി നേരിടുന്ന റൈസസ് തിമിംഗലങ്ങളുടെ സംരക്ഷിത മേഖലയില്‍ എണ്ണ-വാതക ഖനനത്തിന് നേരത്തെ ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരുന്നു.