
കൊളംമ്പോ: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഒരു പര്യവേഷണവും
പാടില്ല എന്ന കർശന ഉപാധിയോടെ ആണ് കപ്പലിന് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് ലങ്ക പറയുന്നത്. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കപ്പലിന്‍റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് നൽകി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ എതിര്‍പ്പ് തള്ളി കപ്പല്‍ തുറമുഖത്ത് എത്തിയിരിക്കുന്നത്.
ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും എന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നു. ഹംബൻതോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവർക്കാണ് 99 വർഷത്തേക്ക് തുറമുഖത്തിന്‍റെ പ്രവർത്തനാനുമതി. ചരക്കുകപ്പലുകൾ അടുപ്പിക്കാൻ ചൈനയ്ക്ക് ആരുടെയും അനുമതി വേണ്ട. എന്നാൽ, സൈനിക കപ്പലുകൾ തുറമുഖത്ത് എത്തണമെങ്കിൽ ലങ്കയുടെ അനുമതി വേണം. 1987 ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനിക കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam