'രാജ്യസുരക്ഷക്ക് ഭീഷണി'; ബുര്‍ഖയും മദ്‌റസകളും നിരോധിക്കാനൊരുങ്ങി ശ്രീലങ്ക

By Web TeamFirst Published Mar 14, 2021, 2:37 PM IST
Highlights

2019ലെ ഈസ്റ്റര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാത്തതുമായ ആയിരത്തോളം മദ്‌റസകളും നിരോധിക്കും.
 

കൊളംബോ: ഇസ്ലാമിക വസ്ത്രമായ ബുര്‍ഖയും ആയിരത്തോളം മദ്‌റസകളും നിരോധിക്കുമെന്ന് ശ്രീലങ്കന്‍ മന്ത്രി. ദേശീയ സുരക്ഷയുടെ ഭാഗമായാണ് മദ്‌റസകളും ബുര്‍ഖയും നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ക്യാബിനറ്റിന്റെ അനുമതി ലഭിക്കാനായി നിര്‍ദേശങ്ങളില്‍ താന്‍ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരസാക്കറെ പറഞ്ഞു. മുഖവും ശരീരവും പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബുര്‍ഖ രാജ്യസുരക്ഷക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. നേരത്തെ നമ്മുടെ രാജ്യത്ത് നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മുസ്ലിം പെണ്‍കുട്ടികളും സ്ത്രീകളും അന്ന് ബുര്‍ഖ ധരിച്ചിരുന്നില്ല. മതതീവ്രവാദം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ബുര്‍ഖ വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ഈസ്റ്റര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

രജിസ്റ്റര്‍ ചെയ്യാത്തതും ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാത്തതുമായ ആയിരത്തോളം മദ്‌റസകളും നിരോധിക്കും. 2.2 കോടി ശ്രീലങ്കന്‍ ജനസംഖ്യയില്‍ ഒമ്പത് ശതമാനം മുസ്ലീങ്ങളാണ്. 70 ശതമാനം ബുദ്ധമതക്കാരും 15 ശതമാനം ഹിന്ദുക്കളുമാണ് ശ്രീലങ്കയിലുള്ളത്.
 

click me!