പ്രതിരോധ സെക്രട്ടറിയോടും പൊലീസ് ചീഫിനോടും രാജിവയ്ക്കാൻ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഉത്തരവ്

By Web TeamFirst Published Apr 24, 2019, 10:43 PM IST
Highlights

ഈസ്റ്റർ ദിനത്തിൽ 359 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും തങ്ങളുടെ ജോലിയിൽ പരാജയപ്പെട്ടുവെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ വിലയിരുത്തൽ

കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് തലവനോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവരോടാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തങ്ങളുടെ ജോലിയിൽ പരാജയപ്പെട്ടെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തൽ.

സ്ഫോടന പരമ്പരയിൽ 359 പേരാണ് ആകെ മരിച്ചത്. 500 ഓളം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആക്രമണം നടത്തിയേക്കുമെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയിട്ടും തടയാൻ സാധിക്കാതിരുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നതാണ് സ്ഫോടന പരമ്പര നടക്കാൻ കാരണമെന്നാണ് സിരിസേന ഇന്ന് പറഞ്ഞത്. ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിന് ശേഷം ഇന്നാദ്യമായാണ് പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

click me!