ശ്രീലങ്ക: ഭീകരാക്രമണ വിവരം ഉന്നത ഉദ്യോഗസ്ഥർ മനപ്പൂർവ്വം മറച്ചുവെച്ചെന്ന് മന്ത്രി

By Web TeamFirst Published Apr 24, 2019, 7:35 PM IST
Highlights

രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ആക്രമണം നടക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും അത് രാജ്യം ഭരിക്കുന്ന സർക്കാരിനെ അറിയിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്

കൊളംബോ: ലോകത്തെ നടുക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവെച്ചെന്ന് ശ്രീലങ്കയിലെ മന്ത്രി. ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളിൽ രാജ്യത്ത് 359 പേരാണ് കൊല്ലപ്പെട്ടത്. പാർലമെന്റിലെ നേതാവ് കൂടിയായ മന്ത്രിയാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് മേൽ ഗുരുതരമായ കുറ്റം ആരോപിച്ചിരിക്കുന്നത്.

"ഈ രഹസ്യാന്വേഷണ വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവച്ചു. ആക്രമണം നടക്കുമെന്ന വിവരം ഉണ്ടായിരുന്നു. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ യാതൊരു നടപടിയും കൈക്കൊണ്ടില്ല," മന്ത്രി ലക്ഷ്‌മൺ കിരിയേല പറഞ്ഞു. പാർലമെന്റ് അംഗങ്ങളും മന്ത്രിമാരും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നു.

ഏപ്രിൽ നാലിനാണ് ഇന്ത്യ ഭീകരാക്രമണം നടക്കുമെന്ന വിവരം ശ്രീലങ്കയെ അറിയിച്ചത്. ഏപ്രിൽ ഏഴിന് പ്രസിഡന്റ് മൈത്രിപാല സിരിസേന അദ്ധ്യക്ഷനായി സെക്യുരിറ്റി കൗൺസിൽ യോഗം ചേർന്നു. എന്നാൽ ഭീകരാക്രമണം നടന്നേക്കുമെന്ന വിവരം എല്ലാവരെയും അറിയിക്കാതെ മറച്ചുവച്ചു.

"ആരോ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു. സെക്യുരിറ്റി കൗൺസിൽ രാഷ്ട്രീയം കളിക്കുകയാണ്. ഇത് അന്വേഷിക്കണം," എന്നും മന്ത്രി പറഞ്ഞു. അതേസമയം കുറഞ്ഞത് ഏഴെട്ട് വർഷമായി ഈ ആക്രമണത്തിന് വേണ്ടി ആസൂത്രണം നടക്കുന്നുണ്ടായിരിക്കാമെന്ന് മുൻ സൈനിക മേധാവിയും പ്രാദേശിക വികസനകാര്യ മന്ത്രിയുമായ ശരത് ഫൊൻസെക പാർലമെന്റിൽ പറഞ്ഞു. 

click me!