ആരോഗ്യനില മോശമായതിനാൽ ആദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മികച്ച ചികിത്സ നൽകാൻ ആശുപത്രിയിലേക്ക് മാറ്റണമെന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്റീകെ ഇൻസാഫ്(പിടിഐ) പാർട്ടിയും കുടുംബവും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇവർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകളടക്കം പരിഗണിച്ചശേഷമാണ് സുപ്രീംകോടതി ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. ആരോഗ്യനില വഷളായതിനാലാണ് ഇമ്രാൻ ഖാനെ ആദിയാല ജയിലിൽനിന്ന് ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീംകോടതി ഉത്തരവിട്ടത്. 48 മണിക്കൂറിനുള്ളിൽ ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും സെപ്റ്റംബർ 16 വരെ അദ്ദേഹത്തിന് അവിടെ ചികിത്സയിൽ തുടരാമെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ചികിത്സയ്ക്കും മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനും കോടതി നിർദേശം നൽകി. ഇമ്രാൻ ഖാന്റെ സഹോദരിയായ ഡോ. ഉസ്മ ഖാനെ ഈ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ആരോഗ്യനില മോശമായതിനാൽ ആദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മികച്ച ചികിത്സ നൽകാൻ ആശുപത്രിയിലേക്ക് മാറ്റണമെന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്റീകെ ഇൻസാഫ്(പിടിഐ) പാർട്ടിയും കുടുംബവും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇവർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകളടക്കം പരിഗണിച്ചശേഷമാണ് സുപ്രീംകോടതി ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. അതേസമയം, വിഷയം രാഷ്ട്രീയവൽക്കരിതെന്നും മെഡിക്കൽ റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്നും സുപ്രീംകോടതി ഇമ്രാൻ ഖാന്റെ അഭിഭാഷകരോട് നിർദേശിച്ചിട്ടുണ്ട്.
2022-ൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വിവിധ കേസുകളിൽ ഇമ്രാൻ ഖാനെ ശിക്ഷിച്ചത്. 2023 ആഗസ്റ്റ് മുതൽ അദ്ദേഹം തടവിൽ കഴിഞ്ഞുവരികയാണ്. ജയിൽവാസത്തിനിടെ കഴിഞ്ഞവർഷം മുതൽ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായെന്നാണ് കുടുംബം പറയുന്നത്. വലതുകണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്നും ഹൃദയസംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദവും അദ്ദേഹത്തിനുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ പിടിഐ നേതാക്കൾ സ്വാഗതംചെയ്തു.


