
മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിലെ ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലും ഭീഷണിയും അവസാനിച്ചു. ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളോളമാണ് പരിഭ്രാന്തി പരത്തിയത്. എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സ്ഥിതിഗതികൾ പരിഹരിച്ചുവെന്നും ആർക്കും പരിക്കില്ലെന്നും ഗവർണർ ടേറ്റ് റീവ്സ് ട്വിറ്ററിൽ അറിയിച്ചു.
അഞ്ച് മണിക്കൂറോളം വിമാനം ടുപെലോ നഗരത്തിന് മുകളിലൂടെ പറന്നു. ആക്രമണ സാധ്യതകണക്കിലെടുത്ത് സ്റ്റോറുകളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിച്ചിരുന്നു. പൈലറ്റുമായി നേരിട്ട് സംസാരിക്കാനും പൊലീസിന് സാധിച്ചു. എല്ലാം ശരിയാകുന്നതുവരെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് 29കാരനായ പൈലറ്റ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ളതാണ് വിമാനം. പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുംസ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. രാവിലെ അഞ്ചുമുതലാണ് വിമാനം നഗരത്തിന് മുകളില്‍ പറത്താന്‍ തുടങ്ങിയത്.
അതിനാടകീയ രംഗങ്ങളുടെ അഞ്ച് മണിക്കൂർ
എയർപോർട്ട് ജീവനക്കാരനായ 29 കാരൻ കോറി വെയ്ൻ പാറ്റേഴ്സൺ ആണ് വിമാനം പറത്തിയതെന്നാണ് റിപ്പോർട്ടുകൾ. പറന്നുയരാൻ അറിയാമെങ്കിലും ഇയാൾക്ക് വിമാനം എങ്ങനെ ലാൻഡ് ചെയ്യണമെന്ന് അറിയിസല്ലായിരുന്നു. എന്നാൽ പിടിക്കപ്പെട്ടതോടെ ഇയാൾ ഫെഡറൽ നടപടികൾ നേരിടേണ്ടിവരുമെന്ന് ടുപെലോ പൊലീസ് മേധാവി ജോൺ ക്വാക്ക പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ശേഷം പാറ്റേഴ്സൺ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 90 വിമാനം മോഷ്ടിച്ചതോടെയാണ് നാടകം ആരംഭിച്ചത്. രാവിലെ 9.30ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. “എല്ലാവരും ക്ഷമിക്കണം. യഥാർത്ഥത്തിൽ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ എന്റെ മാതാപിതാക്കളെയും സഹോദരിയെയും സ്നേഹിക്കുന്നു, ഇത് നിങ്ങളുടെ തെറ്റല്ല. വിട,” പാറ്റേഴ്സൺ എഴുതി.
എങ്ങോട്ടെന്നില്ലാതെ വിമാനം നഗരത്തിന് മുകളിലൂടെ പറന്നുകൊണ്ടിരുന്നു. പതിനഞ്ച് മിനിറ്റിനുശേഷം, പാറ്റേഴ്സൺ 911-ലേക്ക് വിളിച്ചു, ടുപെലോ വാൾമാർട്ടിൽ ഇടിക്കാൻ പദ്ധതിയിട്ടിരുന്നതായി മുന്നറിയിപ്പ് നൽകി. വാൾമാർട്ടിൽ നിന്നും അടുത്തുള്ള സ്റ്റോറിൽ നിന്നും ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam