'ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തുലയട്ടെ'; ചൈനയിൽ ശക്തമായ പ്രതിഷേധം തലസ്ഥാനത്തേക്കും വ്യാപിക്കുന്നു

By Web TeamFirst Published Nov 28, 2022, 7:17 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ചൈനയിലെ പ്രതിഷേധം തലസ്ഥാനമായ ബീജിങ്ങിലേക്ക് വ്യാപിച്ചു. ഷാങ്ഹായിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തതിൽ ബിബിസി ആശങ്ക അറിയിച്ചു. 

ബീജിങ്: കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ചൈനയിലെ പ്രതിഷേധം തലസ്ഥാനമായ ബീജിങ്ങിലേക്ക് വ്യാപിച്ചു. ഷാങ്ഹായിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തതിൽ ബിബിസി ആശങ്ക അറിയിച്ചു. എന്നാൽ പ്രതിഷേധങ്ങൾ ഗൂഢോദ്യേശത്തോടെയെന്നാണ് ചൈനയുടെ പ്രതികരണം.

അസാധാരണ പ്രതിഷേധത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം പ്രസിഡന്റ് ഷി ജിൻ പിങിനെതിരെയും തിരിഞ്ഞു. പ്രസിഡന്റ് രാജി വയ്ക്കണമെന്നാശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇപ്പോൾ തലസ്ഥാനമായ ബീജിങ്ങിലേക്കും വ്യാപിച്ചിരിക്കുയാണ്. കഴിഞ്ഞ ദിവസം ഷാങ്ഹായിലുൾപ്പടെ ശക്തമായ സമരമാണ് തലസ്ഥാനത്തേക്കും വ്യാപിച്ചത്.

ഷിങ്ജിയാങിലെ ഉറുംഖിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രതിഷേധമാണ് രാജ്യത്തെ പിടിച്ചുലക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളാണ് കൃത്യമായി രക്ഷാപ്രവർത്തനത്തിന് തടസമായതെന്നാരോപിച്ചാണ് സമരം തുടങ്ങിയത്. ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തുലയട്ടെയെന്ന മുദ്രവാക്യവുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ബിബിസിയുടെ മാധ്യമപ്രവർത്തകനെയും അറസ്റ്റ് ചെയ്തു. ജോലിക്കെത്തിയ മാധ്യമപ്രവർത്തകനെ മാർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും ബിബിസി ആശങ്ക അറിയിച്ചു. പാർട്ടിയിലും സർക്കാരിലും ശക്തനായ ഷിക്കെതിരെ പ്രതിഷേധം തിരിഞ്ഞതോടെ സമരത്തിനെതിരെ സർക്കാർ രംഗത്ത് വന്നു. ചില ഗുഡോദ്ദേശത്തോടെയാണ് സമരമെന്ന് വിദേശകാര്യവക്താവ് ഷയോ ലിജിയൻ ആരോപിച്ചു.  ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് പ്രസിഡന്റ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് വിശദീകരിച്ചാണ് സർക്കാർ പ്രതിരോധം. സീറോ കൊവി ഡ് പോളിസി നടപ്പാക്കുന്ന ചൈനയിൽ നിലവിൽ 40,000ലധികം കോവിഡ് പോസിറ്റീവ് കേസുകളുണ്ട്.

Read more: കൊവിഡ് നയം ജീവനെടുക്കുന്നു, അന്നം മുട്ടിക്കുന്നു; ഷാങ്ഹായിയില്‍ ചൈനീസ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം

ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. അധികാരികൾ പ്രഖ്യാപിക്കുന്ന അപ്രതീക്ഷിതവും നീണ്ടതുമായ അടച്ചിടലുകള്‍. വിരലിലെണ്ണാവുന്ന കേസുകള്‍ക്ക് വേണ്ടി നടത്തുന്ന കൂട്ട പരിശോധന രീതിയും ഒക്കെ വലിയ  ബുദ്ധിമുട്ടും രോഷവും ചൈനയില്‍ ഉണ്ടാക്കിയെന്നാണ് വിവരം.  

click me!