അഫ്ഗാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണം; 24 പേര്‍ മരിച്ചു

By Web TeamFirst Published Sep 17, 2019, 6:39 PM IST
Highlights

കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലും ബോംബാക്രമണം നടന്നു. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം. ബോംബാക്രമണത്തില്‍ 26 പേര്‍ മരിച്ചതായും 32 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പര്‍വാന്‍ പ്രവിശ്യയിലെ ചരിക്കാറിലാണ് ആക്രമണം നടന്നത്. സമ്മേളനം നടക്കുന്ന സ്ഥലത്തെ കവാടത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലും ബോംബാക്രമണം നടന്നു. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. സെപ്റ്റംബര്‍ 28നാണ് അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ്. 

താലിബാനുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അതീവ സുരക്ഷാ മേഖലയിലടക്കം സ്ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ ചാവേറാണ് ചൊവ്വാഴ്ച ഉച്ചയോടെ ആക്രമണം നടത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് തവണയാണ് അഫ്ഗാനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് അഫ്ഗാന്‍ പ്രസിഡന്‍റ്, താലിബാന്‍ നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍, താലിബാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയില്‍നിന്ന് പിന്മാറുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിനും സ്ഫോടനം നടന്നിരുന്നു. 
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

click me!