
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ഡെന തകർത്തതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയ ശ്രീലങ്കയ്ക്ക് മേൽ സമ്മർദ്ദവുമായി അമേരിക്ക. ഐറിസ് ഡെനയിൽ നിന്ന് രക്ഷപ്പെടുത്തിയ ഇറാനിയൻ നാവികരെ സ്വന്തം നാട്ടിലേക്ക് അയക്കരുതെന്നാണ് ആവശ്യം. ഇവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഇവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അമേരിക്ക അറിയിച്ചതായുമാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അറബിക്കടലിൽ നടന്ന ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്ന ഇറാൻ നാവികരെ ശ്രീലങ്കൻ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടൻ ഇറാനിലേക്ക് അയക്കുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നതിനിടെയാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.
ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം തന്നെ അമേരിക്കയുടെ നിർദ്ദേശങ്ങളെ തള്ളിക്കളയുന്നതും ശ്രീലങ്കയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതിനാൽ തന്നെ രക്ഷപ്പെട്ടവരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ ശ്രീലങ്കൻ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനാന്തരീക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam