
വാഷിംഗ്ടണ്‍: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ICE) ഏജൻസിയിൽ ചേരുമെന്ന് 'സൂപ്പർമാൻ' നടൻ ഡീൻ കെയ്ൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുള്ള പിന്തുണ അറിയിച്ചുകൊണ്ടാണ് കെയ്ൻ ഈ തീരുമാനം എടുത്തത്. 1990കളിലെ 'Lois & Clark: The New Adventures of Superman' എന്ന ടെലിവിഷൻ പരമ്പരയിൽ കെയ്ൻ അവതരിപ്പിച്ച സൂപ്പർമാൻ എന്ന കഥാപാത്രം ഒരു കുടിയേറ്റക്കാരനായിരുന്നു. എന്നാൽ, രാജ്യത്തേക്കുള്ള വിദേശികളുടെ വരവിനെക്കുറിച്ച് താരത്തിന് കടുത്ത നിലപാടുകളാണ് ഉള്ളതെന്ന് ഈ നീക്കം വ്യക്തമാക്കുന്നു.
ബുധനാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെയ്ൻ ഈ വിവരം വെളിപ്പെടുത്തിയത്. തലേദിവസം ഐസിഇയുടെ ഒരു റിക്രൂട്ട്‌മെന്‍റ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് താൻ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഒരു ഡെപ്യൂട്ടി ഷെരീഫും റിസർവ് പൊലീസ് ഓഫീസറുമാണ്. ഞാൻ ഐസിഇയുടെ ഭാഗമായിരുന്നില്ല. പക്ഷേ, ആ റിക്രൂട്ട്‌മെന്‍റ് വീഡിയോ പങ്കുവെച്ചപ്പോൾ അത് വലിയ ചർച്ചയായി. തുടർന്ന് ഐസിഇ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എത്രയും ഐസിഇ ഏജന്‍റായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കെയ്ൻ പറഞ്ഞു.
ഈ രാജ്യം കെട്ടിപ്പടുത്തത് ശരിയായ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ട് വന്ന ദേശസ്നേഹികളാണ്. അത് ജനപ്രിയമായിരുന്നോ എന്നത് വിഷയമല്ല. ഇതാണ് ശരിയായ കാര്യമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്‍റെ കുടിയേറ്റ സംവിധാനം തകരാറിലാണ്. കോൺഗ്രസ് ഇത് പരിഹരിക്കണം. എന്നാൽ, അതിനിടയിൽ പ്രസിഡന്‍റ് ട്രംപ് ഈ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്. ആളുകൾ വോട്ട് ചെയ്തതും അതിനാണ്. താനും അതിനുവേണ്ടിയാണ് വോട്ട് ചെയ്തത്. അദ്ദേഹം അത് നടപ്പാക്കും. അത് ഉറപ്പാക്കാൻ തന്‍റെ പങ്ക് വഹിക്കുമെന്നും കെയ്ൻ കൂട്ടിച്ചേർത്തു.