
ദില്ലി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിച്ചിരുന്നു. പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നുണ്ട്.
പമ്പാ തീരത്ത് സംഗമത്തിനായി മൂന്ന് വേദികളാണ് ഉയരുക. ഒരു പ്രധാന വേദിയും രണ്ട് ചെറു വേദികളും ഉണ്ടാകും. ജർമ്മൻ സാങ്കേതിക വിദ്യ പ്രകാരമാണ് ആധുനിക സംവിധാനങ്ങളുള്ള വേദികൾ ഒരുങ്ങുക. പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പരമ്പരാഗത വാദ്യ മേളങ്ങളോടെയാണ് പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം നിർവ്വഹിക്കുക. ഉദ്ഘാടന ചടങ്ങിന് ശേഷം എന്താണ് അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യങ്ങളെന്ന വിഷയം അവതരിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam