
ടിബിലിസി: ജോർജിയയിൽ എത്തിയ 56 ഇന്ത്യക്കാർക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി പരാതി. ധ്രുവി പട്ടേൽ എന്ന യുവതി ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അനുഭവം പങ്കുവെച്ചത്. സാധുവായ ഇ-വിസയും മറ്റ് രേഖകളും ഉണ്ടായിരുന്നിട്ടും, സദാഖ്ലോ അതിർത്തിയിൽ വെച്ച് തങ്ങളെ അപമാനിക്കുകയും ദീർഘനേരം തടഞ്ഞുവെക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.
"കഠിനമായ തണുപ്പിൽ 5 മണിക്കൂറിലധികം കാത്തുനിർത്തി. ഭക്ഷണവും ടോയ്‌ലെറ്റ് സൌകര്യവും ലഭിക്കാതെ ഞങ്ങൾ വലഞ്ഞു. രണ്ട് മണിക്കൂറിലധികം നേരം പാസ്‌പോർട്ടുകൾ യാതൊരു വിവരവും നൽകാതെ പിടിച്ചെടുത്തു. കന്നുകാലികളെപ്പോലെ നടപ്പാതയിൽ ഇരിക്കാൻ നിർബന്ധിച്ചു. കുറ്റവാളികളെപ്പോലെ ഞങ്ങളുടെ വീഡിയോയെടുത്തു. ഉദ്യോഗസ്ഥർ രേഖകൾ പോലും പരിശോധിക്കാതെ വിസ അസാധുവാണെന്ന് പറഞ്ഞു"
ഈ പോസ്റ്റിൽ ധ്രുവി പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയും ടാഗ് ചെയ്തുകൊണ്ട്, ഇന്ത്യ ശക്തമായ നിലപാട് എടുക്കണം എന്ന് ആവശ്യപ്പെട്ടു. അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള പ്രധാന അതിർത്തിയായ സദാഖ്ലോ അതിർത്തിയിലാണ് ഈ സംഭവം നടന്നതെന്നാണ് ആരോപണം. ധ്രുവി പട്ടേൽ തന് പോസ്റ്റ് അവസാനിപ്പിച്ചത് കടുത്ത വിമർശനത്തോടെയാണ്- "ഇങ്ങനെയാണ് ജോർജിയ ഇന്ത്യക്കാരോട് പെരുമാറുന്നത്. ലജ്ജാകരവും അസ്വീകാര്യവും!"
പോസ്റ്റിന് താഴെ നിരവധി പേർ സമാന അനുഭവമുണ്ടായതായി പ്രതികരിച്ചു. വംശീയ വിവേചനം നേരിടുന്നുവെന്നാണ് പരാതി. ജോർജിയയിൽ നിന്ന് ഇങ്ങനെയുള്ള പെരുമാറ്റം സ്ഥിരമായി ഉണ്ടായിട്ടും ഇന്ത്യക്കാർ എന്തിനാണ് അങ്ങോട്ട് പോകുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. അതേസമയം 2019-ൽ ജോർജിയ സന്ദർശിച്ച ഒരു യാത്രക്കാരൻ വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചു. സ്വപ്നതുല്യമായ യാത്രയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.