ടൊറൊന്‍റോ: കാണാതായ അന്തര്‍വാഹിനിയിലുള്ളവരുടെ അതിജീവനം അവര്‍ എത്ര സമാധാനത്തോടെ നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ടൈറ്റനില്‍ രണ്ട് തവണ ആഴക്കടലിലേക്ക് സഞ്ചരിച്ചിട്ടുള്ള സഞ്ചാരി ഒയിസിന്‍ ഫാനിംഗ്. ജീവന്‍ അപകടത്തിലാണെന്ന ആശങ്കയില്‍ സഞ്ചാരികളുടെ ശ്വാസോച്ഛ്വാസത്തിന്‍റെ വേഗത അധികമായാല്‍ അതിജീവനത്തെ അത് സാരമായി ബാധിക്കുമെന്ന് നിരവധി തവണ സമുദ്രാന്തര്‍ സഞ്ചാരം നടത്തിയിട്ടുള്ള ഒയിസിന്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 96 മണിക്കൂറുകള്‍ അതായത് 4 ദിവസമാണ് ടൈറ്റന് ഇതിനുള്ളിലെ സഞ്ചാരികളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനാവുക.
ഞായറാഴ്ചയാണ് ടൈറ്റന്‍ സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള പര്യടനം ആരംഭിച്ചത്. അതിനാല്‍ തന്നെയാണ് ടൈറ്റന് വേണ്ടിയുള്ള തെരച്ചിലില്‍ അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടിയിരിക്കുന്നതും രാപ്പകല്‍ ഇല്ലാതെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നതും. ടൈറ്റന് അന്തര്‍ ഭാഗത്ത് കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളാലാണ് നിര്‍മ്മിതമായിട്ടുള്ളത്. സഞ്ചാരികള്‍ക്ക് ഓക്സിജന്‍ പരമാവധി സൂക്ഷിച്ച് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ വിശദമാക്കി നല്‍കിയ ശേഷമാണ് യാത്ര തുടങ്ങുക. ആഴക്കടലില്‍ തനിക്കൊപ്പം സഞ്ചരിച്ച രണ്ട് പേര്‍ ഇത്തവണ കാണാതായ ടൈറ്റനൊപ്പമുണ്ട്. ഏറ്റവും കുറഞ്ഞ പക്ഷം ഇവരെങ്കിലും ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നുണ്ടാവുമെന്നാണ് ഒയിസിന്‍ വിലയിരുത്തുന്നുണ്ട്.
ഓഷ്യന്‍ഗേറ്റ് സിഇഐ സ്റ്റോക്ടണ്‍ റഷും സമുദ്രാന്തര്‍ ഗവേഷകനായ പോള്‍ ഹെന്‍റി നാഗ്രലോട്ടും ഇത്തരം കാര്യങ്ങളില്‍ വിദഗ്ധരാണെന്നും ഒയിസിന്‍ ഫ്രഞ്ച് നേവിയോട് വിശദമാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് രക്ഷാ സംവിധാനങ്ങള്‍ എത്താന്‍ സമയം എടുക്കുമെന്ന കാര്യത്തേക്കുറിച്ച് വ്യക്തതയുണ്ടാവുമെന്നും ഒയിസിന്‍ വിശദമാക്കുന്നു. സമുദ്രാന്തര്‍ ഭാഗത്തെ പര്യടനത്തിലെ അപകട സാധ്യതകളേക്കുറിച്ചും സഞ്ചാരികള്‍ക്ക് വ്യക്തമായ ധാരണകള്‍ നല്‍കിയ ശേഷം മാത്രമാണ് ഡൈവ് ആരംഭിക്കാറെന്നും ഒയിസിന്‍ പറയുന്നു. അയര്‍ലാന്‍ഡ് സ്വദേശിയായ ഒയിസിന്‍ ഫാനിംഗ് സാന്‍ ലിയോണ്‍ എനര്‍ജി എന്ന ഓയില്‍, ഗ്യാസ് കമ്പനിയുടെ സിഇഒയാണ്. കഥകളിലൂടെ കേട്ടറിഞ്ഞ ടൈറ്റാനികിനെ അടുത്ത് കാണുകയെന്നതാണ് അപകട സാധ്യതകളെ വകവയ്ക്കാതെ സമുദ്രാന്തര്‍ ഭാഗത്തെ പര്യടനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നതെന്നും ഒയിസിന്‍ തുറന്നുപറയുന്നു.
രക്ഷാദൌത്യം വിജയകരമാവുമെന്ന പ്രതീക്ഷയും ഒയിസിന്‍ പങ്കുവയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam