പള്ളിക്ക് പുറത്ത് ഖുർആൻ കത്തിക്കുന്ന പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡൻ

Published : Jun 28, 2023, 06:51 PM IST
പള്ളിക്ക് പുറത്ത് ഖുർആൻ കത്തിക്കുന്ന പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡൻ

Synopsis

അതേസമയം, നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ സാധ്യതകളെ ബാധിക്കുന്നതാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്റ്റോക്ഹോം: സ്റ്റോക്ക്‌ഹോം പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡിഷ് അതോറിറ്റികള്‍. ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ചാണ് സംഘാടകര്‍ ഈ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം, നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ സാധ്യതകളെ ബാധിക്കുന്നതാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു  പ്രകോപനപരമായ പ്രതിഷേധം അനുവദിക്കാനുള്ള തീരുമാനം സ്വീഡനോടുള്ള തുര്‍ക്കിയുടെ എതിര്‍പ്പിന്‍റെ ആക്കം കൂട്ടുമെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമിനെതിരെയും കുർദിഷ് അവകാശങ്ങൾക്ക് വേണ്ടിയും സ്വീഡനിൽ നടക്കുന്ന പ്രതിഷേധങ്ങൾ തുർക്കിയുമായുള്ള ബന്ധം ഇതിനകം മോശമാക്കിയിട്ടുണ്ട്. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ പ്രവേശനം നേടണമെങ്കില്‍ സ്വീഡന് തുര്‍ക്കിയുടെ പിന്തുണ ആവശ്യവുമാണ്. ഖുർആൻ വിരുദ്ധ പ്രകടനങ്ങൾക്കായുള്ള സമീപകാല അപേക്ഷകൾ അടുത്തിടെ സ്വീഡിഷ് പൊലീസ് നിരസിച്ചിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ തീരുമാനങ്ങൾ അസാധുവാക്കി.

അതേസമയം, ബുധനാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ സംഘാടകനായ സൽവാൻ മോമിക ഉൾപ്പെടെ രണ്ട് പേര്‍ മാത്രമേ പങ്കെടുക്കൂ എന്നാണ് സ്റ്റോക്ഹോം പൊലീസ് അറിയിച്ചിട്ടുള്ളത്. ഖുർആൻ നിരോധിക്കാൻ ശ്രമിക്കുന്ന ഇറാഖി അഭയാർത്ഥി എന്നാണ് സല്‍വാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സ്വയം വിശേഷിപ്പിച്ചത്.

ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് സമീപം ഖുർആൻ കത്തിച്ചിരുന്നു. ഇതോടെ നാറ്റോ അപേക്ഷയിൽ സ്വീഡനുമായുള്ള ചര്‍ച്ചകള്‍ തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു. കൂടാതെ, അങ്കാറയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സ്വീഡിഷ് എംബസിക്ക് പുറത്ത് സ്വീഡിഷ് പതാക കത്തിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യ, ജോർദാൻ, കുവൈത്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളും ഖുർആൻ കത്തിച്ച സംഭവത്തെ അപലപിച്ചിരുന്നു. 

ചികിത്സ വേണ്ടെന്ന് ഗർഭിണിയും ഭർത്താവും, മെമ്പറും പൊലീസും ആശുപത്രിയിലാക്കി;2 ദിവസം കഴിഞ്ഞ് പ്രസവിച്ചത് വീട്ടിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം