പ്രവാചക നിന്ദയ്ക്ക് വധഭീഷണി നേരിട്ട സ്വീഡന്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Oct 4, 2021, 1:40 PM IST
Highlights

 2007ലാണ് ലാര്‍സ് വില്‍ക്സിന്‍റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. 75കാരനായ ലാര്‍സ് വില്‍ക്സ് വധ ഭീഷണികള്‍ നേരിട്ട പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണയിലായിരുന്നു കഴിഞ്ഞത്. ലാര്‍സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ( Prophet Muhammad) കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ  കാര്‍ട്ടൂണിസ്റ്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സ്വീഡിഷ് സ്വദേശിയായ ലാര്‍സ് വില്‍ക്സാണ്(Lars Vilks)  ദക്ഷിണ സ്വീഡനിലെ മാര്‍ക്കായ്ഡില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം നായയുടെ ശരീരവുമായി ചേര്‍ത്ത് വരച്ച കാര്‍ട്ടൂണിനേ(cartoons of the Prophet) തുടര്‍ന്ന് ലാര്‍സ് വില്‍ക്സിന് മതമൌലിക വാദികളില്‍ നിന്ന് പ്രവാചക നിന്ദയ്ക്ക് (blasphemous)  ഭീഷണി നേരിട്ടിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ലാര്‍സ് വില്‍ക്സിന്‍റെ കാര്‍ ട്രെക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ലാര്‍സിനൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ട്രെക്ക് ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 2007ലാണ് ലാര്‍സ് വില്‍ക്സിന്‍റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. 75കാരനായ ലാര്‍സ് വില്‍ക്സ് വധ ഭീഷണികള്‍ നേരിട്ട പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണയിലായിരുന്നു കഴിഞ്ഞത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ലാര്‍സിന്‍റെ പങ്കാളിയാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക നിരീക്ഷണത്തില്‍ അപകടത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കില്ലെന്നാണ് സൂചനയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാര്‍സിന്‍റെ കാര്‍ട്ടൂണ്‍ വലിയ വിവാദമായതിന് പിന്നാലെ 22 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരുമായി നേരില്‍ കണ്ട് പ്രധാനമന്ത്രി ഫ്രെഡറിക് റീന്‍ഫെല്‍റ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിവാദങ്ങള്‍ ഒരുപരിധി വരെ ഒതുങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെ ലാര്‍സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

2015ല്‍ കോപ്പന്‍ഹേഗനില്‍ വച്ച് ലാര്‍സിനെതിരെ വധശ്രമവും നടന്നിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് അന്ന് ലാര്‍സ് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദുരൂഹതകള്‍ നീക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

click me!