
ദമാസ്കസ്: പ്രസിഡന്‍റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ച് ഒന്ന് വരെ സർക്കാരിനെ നയിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിമതർക്ക് ഏറ്റവും പ്രിയപ്പെട്ട നിലവിലെ ഭരണകർത്താക്കളിൽ ഒരാളായതിനാലാണ് ഇദ്‍ലിബ് പ്രവിശ്യ ഗവർണറുടെ പേര് നിർദേശിക്കപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിറിയയിൽ ബഷാർ അൽ അസദിനെ പുറത്താക്കാൻ വിമതരെ സഹായിച്ചവരിൽ പ്രധാനിയാണ് മുഹമ്മദ് അൽ ബഷീർ. വിമത സംഘടനയായ ഹയാത് തഹ്രീർ അൽ ഷാംസ് (എച്ച് ടി എസ്) വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്നയാളായാണ് ബഷീറിനെ വിലയിരുത്തുന്നത്. ഇപ്പോൾ അസദിനെ വീഴ്ത്തിയ എച്ച് ടി എസ് നേരത്തെ ഭരിച്ചിരുന്ന ഇദ്‌ലിബ് പ്രദേശത്തിന്റെ ഭരണത്തലവനാണ് പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് അൽ ബഷീർ. എച്ച് ടി എസ് മേധാവി അബൂ മുഹമ്മദ് ജൂലാനിയും അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇടക്കാല പ്രധാനമന്ത്രിയായി ബഷീറിനെ തീരുമാനിച്ചതെന്നും വിവരമുണ്ട്.
അതേസമയം പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു. എച്ച് ടി എസിനെ ഭീകരപ്പട്ടികയിൽനിന്ന് മാറ്റുന്ന കാര്യം അമേരിക്കയുടെയടക്കം ആലോചനയിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെത്തിയെന്ന് സ്ഥിരീകരണമായിട്ടുണ്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചത്. ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയൻ ജനതയെയും താലിബാൻ അഭിനന്ദിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam