
ദമസ്കസ്: യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ അനാഥ കുട്ടികളെ വടക്കന്‍ സിറിയയിലെ കുര്‍ദിശ് ഭരണകൂടം അതത് രാജ്യങ്ങള്‍ക്ക് കൈമാറി. 12 ഫ്രഞ്ച് ഐഎസ് ഭീകരരുടെ കുട്ടികളെയും രണ്ട് നെതര്‍ലന്‍ഡ്സ് ഭീകരരുടെ കുട്ടികളെയുമാണ് വിട്ടുനല്‍കിയത്. യുദ്ധത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട് ക്യാമ്പുകളില്‍ നരകജീവിതം നയിക്കുന്ന 10 വയസ്സില്‍ താഴെയുള്ള 14 കുട്ടികളെയാണ് തിരിച്ചേല്‍പ്പിച്ചത്. 12 കുട്ടികളെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിനും രണ്ട് കുട്ടികളെ ഡച്ച് വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയെന്ന് കുര്‍ദിശ് വിദേശകാര്യ വക്താവ് അബ്ദുല്‍ കരിം ഒമര്‍ അറിയിച്ചു. ഐന്‍ ഇസ്സ നഗരത്തില്‍വച്ച് ഞായറാഴ്ചയാണ് കുട്ടികളെ കൈമാറിയത്.
ഖുര്‍ദ് മേഖലയില്‍ ഐഎസിനെതിരെ യുഎസ് സഹായത്തോടെയുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ കുടുംബങ്ങള്‍ക്കായി വടക്കന്‍ സിറിയയില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ക്യാമ്പുകളില്‍ ജീവിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎസില്‍ ചേര്‍ന്ന ഫ്രഞ്ച് പൗരന്മാരെ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് കുട്ടികളെ വിട്ടുനല്‍കിയത്.
ഇറാക്കില്‍ 12ഓളം ഫ്രഞ്ച് പൗരന്മാരായ ഐഎസ് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഫ്രഞ്ച് പൗരന്മാരെ വിദേശങ്ങളില്‍ വധശിക്ഷക്ക് വിധിക്കുന്നത് രാജ്യത്തിന്‍റെ മാന്യതക്ക് ക്ഷതമേല്‍പ്പിക്കുമെന്നായിരുന്നു വാദം. 1981ല്‍ ഫ്രാന്‍സില്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഎസില്‍നിന്ന് വിട്ടുപോരുന്നവര്‍ക്ക് അതത് രാജ്യങ്ങള്‍ അഭയം നല്‍കുന്നുണ്ട്. കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കൊസോവ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ സ്വന്തം രാജ്യത്തിലേക്ക് തിരികെ പോകുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യ, സുഡാന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ഐഎസ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. കുര്‍ദ് മേഖലയിലെ അല്‍-ഹോല്‍ ക്യാമ്പില്‍ 40 രാജ്യങ്ങളില്‍നിന്നായി 7000 പേരാണ് ജീവിക്കുന്നത്. ഈ മാസം 800 സിറിയന്‍ സ്ത്രീകള്‍ ക്യാമ്പ് വിട്ട് വീടുകളിലേക്ക് തിരിച്ചുപോയിരുന്നു. മാര്‍ച്ചിലും കൊല്ലപ്പെട്ട ഭീകരരുടെ അഞ്ച് കുട്ടികളെ ഫ്രാന്‍സ് സ്വദേശത്തേക്ക് കൊണ്ടുപോയിരുന്നു. നേരത്തെ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഭക്ഷണമില്ലാതെ പട്ടിണിയിലായതിനെ തുടര്‍ന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam