തിരിച്ചടിച്ച് തായ്വാൻ; അതി‍ര്‍ത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു, മേഖലയിൽ യുദ്ധഭീതി

By Web TeamFirst Published Aug 5, 2022, 7:25 PM IST
Highlights

ദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എങ്കിലും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും തായ്വാൻ പ്രതികരിച്ചിട്ടുണ്ട്. 

തായ്പേയ്: ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകൊണ്ടുള്ള ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടർന്നതോടെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് തായ്വാൻ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്‌വാനും പ്രതികരിച്ചതോടെ  കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്വാൻ കടലിടുക്ക്.

ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാൻ കടലിടുക്കിലെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്വിമാനങ്ങളും സർഫസ് റ്റു എയർ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എങ്കിലും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും തായ്വാൻ പ്രതികരിച്ചിട്ടുണ്ട്. 

അതേസമയം ചൈനയുടെ ഈ സൈനിക അഭ്യാസങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികൾ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. തായ്വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ല എന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസിയും അറിയിച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും ചൈന തങ്ങളുടെ സൈനികാഭ്യാസങ്ങൾ തുടരുകയാണ്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം തന്നെ ചൈന തായ്‌വാനു കുറുകെ വിക്ഷേപിച്ചിട്ടുള്ളത്

അതേസമയം വിലക്ക് ലംഘിച്ച് തായ്വാൻ സന്ദർശനം നടത്തിയ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയ്ക്കെതിരെ ചൈന ഉപരോധമേർപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു, പരമാധികാരത്തെ മാനിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്  ചൈനീസ് വിദേശകാര്യ വകുപ്പ്, അമേരിക്കൻ പ്രതിനിധി നാൻസി പെലോസിക്കെതിരെ  ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുമ്പ് അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയ്ക്കും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയ്ക്കും സമാനമായ ചൈനീസ് ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 

ചൈനയിലേക്ക് പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി  ഇടപാടുകൾ നടത്തുന്നതിനുമാണ് ഉപരോധം മൂലം വിലക്കുവരിക. ചൈനയ്ക്ക് എതിർപ്പുണ്ടായിരുന്നിട്ടും തായ്വാൻ സന്ദർശനവുമായി പെലോസി മുന്നോട്ട് പോയതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകൾ അടക്കം തൊടുത്തുവിട്ടുകൊണ്ടുള്ള സൈനികാഭ്യാസങ്ങൾ  ചൈനയുടെ ഭാഗത്തു നിന്ന് ഉണ്ടായതും, മേഖല യുദ്ധഭീതിയിലേക്ക് വഴുതി വീണതും.

കഴിഞ്ഞ ദിവസങ്ങളിൽ  ഒന്നിലേറെ തവണ ചൈനീസ് കപ്പലുകളും വിമാനങ്ങളും തായ്വാൻ  കടലിടുക്കിന്റെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്നിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ്, ഇന്ന്  അതിർത്തിയിലേക്ക് തായ്വാൻ സൈന്യം മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചത്.  

 

click me!