
കാബൂൾ: പാക് വ്യോമാക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍ ഭരണകൂടം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ കരാര്‍ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. തങ്ങളുടെ വ്യോമാതിർത്തി, പ്രദേശം, ജനങ്ങൾ എന്നിവ സംരക്ഷിക്കുന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്ന് ആവർത്തിക്കുന്നു. ശരിയായ സമയത്ത് ഉചിതമായി പ്രതികരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിൽ പറഞ്ഞു.
അതേസമയം, അഫ്ഗാൻ മണ്ണിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെ ഇനി അവഗണിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കുട്ടികളാണെന്നും താലിബാന്‍ അറിയിച്ചു. അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്ന് മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ സേന ഒസിവിലിയന്റെ വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വ്യോമാക്രമണ ആരോപണങ്ങളെക്കുറിച്ച് പാകിസ്ഥാൻ സൈന്യമോ സർക്കാരോ പ്രതികരിച്ചില്ല.
കുനാർ, പക്തിക എന്നീ അതിർത്തി പ്രദേശങ്ങളിലാണ് മറ്റ് ആക്രമണങ്ങൾ ഉണ്ടായത്. ഒരു ദിവസം മുമ്പ്, പാകിസ്ഥാനിലെ പെഷവാറിലെ സദ്ദാർ പ്രദേശത്തുള്ള ഫെഡറൽ കോൺസ്റ്റാബുലറി ആസ്ഥാനത്ത് രണ്ട് ചാവേർ ബോംബർമാരും ഒരു തോക്കുധാരിയും നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്നാണ് പാകിസ്ഥാന്‍ അഫ്ഗാനില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ പാക് താലിബാനാണെന്ന് എപി റിപ്പോർട്ട് ചെയ്തു.
പിന്നാലെ, സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി പാകിസ്ഥാൻ നയതന്ത്രജ്ഞൻ മുതിർന്ന അഫ്ഗാൻ പ്രവിശ്യാ നേതാവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബറിൽ ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാര്‍ നിലവിലിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. അയൽക്കാര്‍ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാന്‍ ഇടപെടാമെന്ന് ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നു.