
ഇസ്രയേല്‍: ഇസ്രയേലിന്‍റെ ഭാഗമായ ഗോലാന്‍ കുന്നുകള്‍ക്ക് സമീപത്തുള്ള ബനിയസിനടുത്തുള്ള ഹെര്‍മോണ്‍ സ്ട്രീം പ്രകൃൃതി സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിനിടെ ഒരു കല്‍ഭിത്തിയുടെ അടിയില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള 44 ശുദ്ധമായ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ സ്വര്‍ണ്ണനാണയങ്ങള്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നവയാണ്. ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ ഭാഗങ്ങള്‍ മുസ്ലീങ്ങള്‍ അക്രമിച്ച് സ്വന്തമാക്കിയപ്പോള്‍ ഉടമ ഒളിപ്പിച്ചതാകാം ഇവയെന്ന് കരുതുന്നു.
"ഈ പാറമേൽ ഞാൻ എന്‍റെ പള്ളി പണിയും" എന്ന് യേശു അപ്പോസ്തലനായ പത്രോസിനോട് പറഞ്ഞതായി പറയപ്പെടുന്ന സ്ഥലമാണ് ബനിയസ്. അതിനാല്‍ തന്നെ ക്രിസ്ത്യന്‍ മത പാരമ്പര്യത്തില്‍ ബനിയസിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏകദേശം 170 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. ഹെർമോൺ സ്ട്രീം (ബനിയാസ്) സൈറ്റിൽ നിന്ന് കണ്ടെത്തിയ ഇവ, 635-ൽ മുസ്ലീ സൈനികര്‍ പ്രദേശം പിടിച്ചടക്കിയ സമയത്ത് ഒളിപ്പിച്ച് വച്ചതാകാമെന്ന് കണക്ക് കൂട്ടുന്നു.
ഈ നാണയങ്ങൾ പ്രദേശത്തെ ബൈസന്‍റൈൻ ഭരണത്തിന്‍റെ അവസാന കാലത്തേക്ക് വെളിച്ചം വീശുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു. 1000 വർഷത്തിലേറെയായി നിലനിന്നിരുന്ന റോമൻ സാമ്രാജ്യത്തിന്‍റെ കിഴക്കൻ പകുതിയായിരുന്നു ബൈസന്‍റൈൻ സാമ്രാജ്യം. "യുദ്ധഭീഷണിയിൽ ഉടമ തന്‍റെ സമ്പത്ത് മറച്ചുവെക്കുന്നതായി നമുക്ക് സങ്കൽപ്പിക്കാൻ കഴിയും, ഒരു ദിവസം തന്‍റെ സ്വത്ത് വീണ്ടെടുക്കാൻ മടങ്ങിവരുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരിക്കാം." ഉത്ഖനനത്തിന്‍റെ ഡയറക്ടർ യോവ് ലെറർ പറഞ്ഞു.
സ്വർണ്ണ നാണയങ്ങൾ കൂടാതെ, ഖനനത്തിൽ - പുരാതന നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, ജല ചാനലുകൾ, പൈപ്പുകൾ, വെങ്കല നാണയങ്ങൾ എന്നിവയും കണ്ടെത്തിയതായി ഇസ്രായേലി അധികൃതർ പറഞ്ഞു. ചില നാണയങ്ങൾ ഫോകാസ് ചക്രവർത്തിയുടെ (602-610) നാണയങ്ങളാണെന്നും എന്നാൽ മിക്കവയും അദ്ദേഹത്തിന്‍റെ പിൻഗാമിയായ ഹെരാക്ലിയസിന്‍റേതാണെന്നും ഇസ്രായേൽ ആന്‍റിക്വിറ്റീസ് അതോറിറ്റിയിലെ നാണയശാസ്ത്ര (കറൻസി) വിദഗ്ധയായ ഡോ. ഗബ്രിയേല ബിജോവ്സ്കി പറഞ്ഞു.