
ദില്ലി: കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ. ഇന്ത്യയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടരണമെന്ന നിർദ്ദേശവും താലിബാൻ മുന്നോട്ടുവച്ചു. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്നവർ തിരിച്ചെത്തുന്നത് തടയാൻ കേന്ദ്രം 43 വിമാനത്താവളങ്ങൾക്ക് ജാഗ്രത നിർദ്ദേശം നല്‍കി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല. ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്. ഈ സഹകരണം തുടരണമെന്നും താലിബാൻ ആവശ്യപ്പെട്ടു.
താലിബാൻ നിർദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്ന 25 ഇന്ത്യക്കാരിൽ ജീവിച്ചിരിക്കുന്നവർ മടങ്ങാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നല്‍കി. ഇവർ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാൻ 43 വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നല്‍കി. തുറുമുഖങ്ങൾക്കും നേപ്പാൾ അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾക്കും മുന്നറയിപ്പ് നല്‍കിയെന്നാണ് സൂചന. കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ റഷ്യയുമായി നിരന്തര സമ്പർക്കത്തിലാണെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്‍കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam