അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; നിഷേധിച്ച് താലിബാന്‍

By Web TeamFirst Published Sep 14, 2021, 7:07 PM IST
Highlights

മുല്ലാ ബാറാദാര്‍ കൊല്ലപ്പെട്ടില്ലെന്ന് താലിബാന്‍ വക്താവ് വിശദീകരിച്ചു. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാന്‍ പുറത്തുവിട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു.
 

കാബൂള്‍: അഫ്ഗാന്‍ ഉപപ്രധാനമന്ത്രിയും താലിബാന്‍ നേതാക്കളില്‍ പ്രധാനിയുമായ മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. താലിബാനുള്ളിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച് താലിബാന്‍ രംഗത്തെത്തി. മുല്ലാ ബാറാദാര്‍ കൊല്ലപ്പെട്ടില്ലെന്ന് താലിബാന്‍ വക്താവ് വിശദീകരിച്ചു. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാന്‍ പുറത്തുവിട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു. പിന്നാലെ മുല്ലാ ബറാദാര്‍ കാണ്ഡഹാറില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

എന്നാല്‍ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല. ഹഖാനി നെറ്റ്വര്‍ക്ക് തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനില്‍ ഹഖാനി ഗ്രൂപ്പും ബറാദാര്‍ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താലിബാന്‍ സര്‍ക്കാറിന്റെ തലവന്‍ മുല്ലാ ബറാദാര്‍ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായാണ് നിയമിച്ചത്.

ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷവും ബറാദാറിനെ കുറച്ച് ദിവസമായി പരസ്യമായി കാണപ്പെട്ടിരുന്നില്ല. ഞായറാഴ്ച കാബൂളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ  മന്ത്രി സംഘത്തിലും അദ്ദേഹമുണ്ടായിരുന്നില്ല. താലിബാന്‍ തലവന്‍ ഹൈബത്തുല്ല അഖുന്‍സാദയും ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!