
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലെ ചിലതരം ഉള്ളടക്കങ്ങള്‍ തടയാന്‍ ഫില്‍റ്ററുകള്‍ പ്രയോഗിച്ചെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, എന്ത് തരം പോസ്റ്റുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. കാബൂളിലെ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കയറാന്‍ തടസ്സം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ചിലതരത്തിലുള്ള ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇത്തവണ പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടാകില്ലെന്നും ഫില്‍റ്ററിംഗ് രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ടെന്നും താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയന്ത്രണങ്ങളെക്കുറിച്ച് താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും, ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്സും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായി തടസ്സപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടത് വാണിജ്യ മേഖലയേയും, വിമാന സര്‍വീസുകളേയും അടിയന്തര സേവനങ്ങളേയും സാരമായി ബാധിച്ചിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയിലെ മോശം പ്രവൃത്തികള്‍ ഇല്ലാതാക്കുന്നതിനാണ് ഇന്റര്‍നെറ്റ് ലഭ്യത നിയന്ത്രിക്കുന്നതെന്നായിരുന്നു താലിബാന്‍ ഗവര്‍ണറേറ്റ് വക്താവിന്റെ പ്രതികരണം.
2021-ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്ന ശേഷം സ്ത്രീകളുടെയും, പെണ്‍കുട്ടികളെയും അവകാശങ്ങള്‍ നിഷേധിക്കുമോ എന്ന ആശങ്ക നേരത്തെ തന്നെ ഉണ്ടായിരുന്നു. പിന്നാലെ 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം താലിബാന്‍ ഭരണകൂടം നിരോധിച്ചു. സ്ത്രീകളുടെ തൊഴിലവസരങ്ങളിലും താലിബാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെഴുതിയ പുസ്തകങ്ങള്‍ ഈ സെപ്റ്റംബറില്‍ സര്‍വകലാശാലകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് സേവനം അഫ്ഗാന്‍ സ്ത്രീകള്‍ക്ക് പുറം ലോകത്തേക്കുള്ള ഒരു ലൈഫ്ലൈന്‍ ആയിരുന്നു. ഈ അവസരങ്ങള്‍ കൂടിയാണ് നിയന്ത്രണത്തിലൂടെ ഇല്ലാതാകുന്നതെന്നാണ് പുതിയ ആശങ്ക. മതപരമായ കര്‍ശന നിയന്ത്രണങ്ങളാണ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം രാജ്യത്ത് നടപ്പാക്കിയത്.