
ദുബായ്: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ സങ്കീർണ്ണമാകുന്നു. ഒമാൻ തീരത്തുനിന്നും എട്ടോളം കപ്പലുകൾ യു-ടേൺ എടുത്ത് മടങ്ങിയതായി റിപ്പോർട്ട്. ഈ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേൽ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് പുതിയ പ്രതിസന്ധികൾക്ക് കാരണം. ഒമാൻ തീരത്തെ പാത ഉപേക്ഷിച്ച ചില കപ്പലുകൾ ഇറാന്റെ തീരത്തോട് ചേർന്നുള്ള നിയമാനുസൃത പാതയിലേക്ക് വഴിമാറിയാണ് ഇപ്പോൾ യാത്ര തുടരുന്നത്. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച ഓയിൽ ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, വാഹനങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ എന്നിവയാണ് ഒമാൻ തീരത്തുനിന്ന് പെട്ടെന്ന് യു-ടേൺ എടുത്തത്.
തങ്ങൾ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ ജലപാതയിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാൽ കർശനമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യു-ടേൺ എടുത്ത കപ്പലുകളിൽ ഒരു ക്രൂഡ് ഓയിൽ ടാങ്കറും രണ്ട് പ്രൊഡക്റ്റ് ടാങ്കറുകളും ഒരു ബൾക്ക് കാരിയറും ഇറാന്റെ നിർദ്ദേശപ്രകാരം വടക്കോട്ട് നീങ്ങി ഇറാൻ തീരത്തെ പാതയിലൂടെ യാത്ര തിരിച്ചു.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ ജൂൺ മധ്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഈ തന്ത്രപ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും റൂട്ട് തങ്ങൾ നിയന്ത്രിക്കുമെന്നും ഇറാൻ നിർബന്ധം പിടിക്കുകയാണ്. അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും ഇതിനെ എതിർക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമുദ്രകാര്യ ഏജൻസിയും ഒമാനും ചേർന്ന് ഒമാൻ തീരത്തുകൂടി പുതിയൊരു കപ്പൽച്ചാൽ ഒരുക്കാൻ ശ്രമിച്ചെങ്കിലും, ഇതിനെതിരെ ഇറാൻ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ നിശ്ചയിച്ച പാതയിലേക്ക് തന്നെ മാറേണ്ടി വരുന്നത്. ആഗോള ഇന്ധന വിപണിയെയും എണ്ണക്കടത്തിനെയും ഈ പ്രതിസന്ധി ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam