
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള ടാൻസാനിയയിൽ സ്ഥിതി രൂക്ഷമായതോടെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്.
2025 ഒക്ടോബർ 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്. കലാപം അടിച്ചമർത്താൻ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കി. ഇത് യാത്രകളെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായാണ് വിവരം.
ആക്രമണങ്ങൾ ടാൻസാനിയയിൽ ഉടനീളം വ്യാപിച്ചതിനെ തുടർന്ന്, നവംബർ 3 ന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികൾ തുറക്കുന്നത് സർക്കാർ മാറ്റിവച്ചു. അക്രമങ്ങളിൽ എത്രപേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല, എങ്കിലും 800 ലെറെ പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ നിന്ന് തടയുകയോ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയോ ചെയ്തതിനെ തുടർന്ന്, ഈ തിരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് കിരീടധാരണമായിരുന്നുവെന്ന് വിമർശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam