
ഗാസ: ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. ഡോ. മർവാൻ സുൽത്താനും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആതുര സേവന രംഗത്ത് ദീർഘകാലമായി തുടരുന്ന ഡോക്ടറെ കൊലപ്പെടുത്തിയത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.
അതീവ ദുഷ്കരമായ സാഹചര്യത്തിൽ പോലും അർപ്പണബോധത്തോടെ ജോലി ചെയ്ത ഡോക്ടറുടെ ആത്മാർത്ഥത എന്നെന്നും ഓർമിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർച്ചയായ ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നില്ല. ആരോഗ്യപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഇസ്രയേൽ സൈന്യം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം വിമശിച്ചു.
ഡോക്ടർ സുൽത്താന്‍റെ മകളായ ലുബ്ന അൽ-സുൽത്താൻ പറഞ്ഞത് ഒരു എഫ്-16 മിസൈൽ അദ്ദേഹത്തിന്റെ മുറിയെ കൃത്യമായി ലക്ഷ്യമിട്ടു എത്തി എന്നാണ്. തന്‍റെ പിതാവ് രക്തസാക്ഷിയായി എന്നും അവർ അസോസിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചു. അദ്ദേഹം ഒരു പ്രസ്ഥാനവുമായും ബന്ധമുള്ളയാളല്ല. അദ്ദേഹം ചികിത്സിക്കുന്ന രോഗികളെക്കുറിച്ച് മാത്രമേ ആശങ്കപ്പെട്ടിരുന്നുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.
ഹമാസ് 'ഭീകര'നെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാർ കൊല്ലപ്പെട്ടെന്ന വാദം പരിശോധിച്ച് വരികയാണെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. അതേസമയം കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടെന്നാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിലുടനീളം ഇസ്രയേൽ ആക്രമണത്തിൽ 139 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60 ദിവസത്തേക്കുള്ള വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയിലെ ആക്രമണം തുടരുകയാണ്.
''60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ"- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഗാസയിൽ ഹമാസുമായുള്ള വെടിനിർത്തൽ സാധ്യത ഗൗരവമായി കാണുന്നുവെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി ട്രംപ് പറഞ്ഞതിനോടാണ് പ്രതികരണം. സ്ഥിര സമാധാനത്തിന് ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 7-ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇസ്രയേൽ പക്ഷത്ത് 1,200 ലേറെ പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ, 15,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ 57,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.