
ടെക്സസ്: ടെക്സസിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിൽ (Texas school shooting) പ്രതിയായ 18 കാരൻ സ്കൂളിലേക്ക് എത്തിയത് തന്റെ മുത്തശ്ശിയെ കൊന്നതിന് ശേഷം. സ്കൂളിന് അടുത്ത ദിവസം മുതൽ വേനലവധിയാണെന്നിരിക്കെയാണ് പ്രതിയുടെ ആക്രണം. 19 കുട്ടികളും മൂന്ന് സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോർ റാമോസ് എന്ന 18 കാരനാണ് സ്വന്തം മുത്തശ്ശിയുടേതടക്കം 23 പേരുടെ ജീവനെടുത്തിരിക്കുന്നത്. വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
തന്റെ മകളുടെ പ്രിയപ്പെട്ട അധ്യാപിക വെടിവെപ്പിൽ കൊല്ലപ്പെട്ടുതായി സ്കൂളിലെ കുട്ടികളിലൊരാളുടെ അമ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ മകളെ സ്നേഹത്തോടെ പഠിപ്പിക്കുന്ന ടീച്ചറുടെ ചിത്രവും അവർ ട്വീറ്റിൽ പങ്കുവച്ചിരിക്കുന്നു. ലോകമാകെ ഞെട്ടിയിരിക്കുകയാണ് അമേരിക്കയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട വെടിവെപ്പിൽ. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയാണ് സാൽവദോർ റാമോസ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാളെ പൊലീസ് വെടിവച്ച് കൊന്നു.
ഇതിനിടെ തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്നും അതീവ ദുഖമുണ്ടെന്നും ജോ ബൈഡൻ പ്രതികരിച്ചു. അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ലെന്നും ജോ ബൈഡൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞു. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ബൈഡൻ ചോദിച്ചു.
Photo Courtesy : Reuters
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam