
ടെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള ഇറാൻ മാധ്യമ വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു. പൂർണമായും അടിസ്ഥാന രഹിതമായ വാദമെന്നാണ് ഐഡിഎഫ് വക്താവ് എവിക്കെയ് ആഡ്രീ വിശദമാക്കിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ഫോർഡോയിലെ ആണവ കേന്ദ്രത്തിന് സമീപം ഇസ്രയേൽ ഡ്രോണിനെ ഇറാൻ തകർത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ ഇറാനിലെ പല ഭാഗങ്ങളിലും വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ 78 പേർ കൊല്ലപ്പെട്ടതായും 320ഓളം പേർക്ക് പരിക്കേറ്റതായുമാണ് ഇറാനിലെ യുഎൻ വക്താവ് വിശദമാക്കിയത്. പരിക്കേറ്റവരിലേറെയും സാധാരണക്കാരാണെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച രാത്രി ഇസ്രയേലിലെ വൻ സുരക്ഷയുള്ള സൈനിക മേഖലയായ ടെൽ അവീവിലെ കിര്യ കോപൗണ്ടിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിലെ പെൻറഗൺ എന്ന് വിലയിരുത്തപ്പെടുന്ന മേഖലയാണ് ഇത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരുടെ വസതികളും പ്രതിരോധ മന്ത്രാലയവും നിർണായക സൈനിക ഇൻറലിജൻസ് യൂണിറ്റുകളുമാണ് ഈ മേഖലയിലുള്ളത്. ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്‌ത്താന്‍ ഇറാന് സാധിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം