സാകിര്‍ നായിക്കിനെ വിമര്‍ശിച്ച മലേഷ്യന്‍ പ്രവിശ്യാ ഉപമുഖ്യമന്ത്രിക്കെതിരെ ഭീകരവാദക്കുറ്റം

By Web TeamFirst Published Oct 21, 2019, 4:54 PM IST
Highlights

സാകിര്‍ നായിക്കിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പെനാങ് ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമി ആരോപിച്ചു. 

ക്വാലാലംപുര്‍: വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാകിർ നായിക്കിനെ വിമര്‍ശിച്ച മലേഷ്യന്‍ പ്രവിശ്യാ ഉപമുഖ്യമന്ത്രിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ് ചോദ്യം ചെയ്തു. മലേഷ്യയിലെ പെനാങ് ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെയാണ് എല്‍ടിടിഇ ഭീകരവാദ ബന്ധം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്തത്.

ബുകിത് അമനിലെ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറോളമാണ് രാമസ്വാമിയെ ചോദ്യം ചെയ്തത്. സാകിർ നായികിനെ വിമര്‍ശിച്ചതും രാമസ്വാമിയുടെ രണ്ട് ലേഖനങ്ങള്‍ വിവാദമായതിന്‍റെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മലേഷ്യയിലെ ബടു അറങില്‍ മൂന്നുപേരെ വെടിവെച്ച് വീഴ്ത്തിയ സംഭവത്തില്‍ പൊലീസിനെ ചോദ്യം ചെയ്യുന്നതായിരുന്നു ആദ്യ ലേഖനമായ 'ന്യൂ ഗവണ്‍മെന്‍റ് ബട്ട് ദ സേം ഓള്‍ഡ് പൊലീസ് ഫോഴ്സ്', 'ഹൂ ആം ഐ, പീസ്മേക്കര്‍ ഓര്‍ ടെററിസ്റ്റ്' എന്ന ലേഖനത്തില്‍ തനിക്കെതിര എല്‍ടിടിഇ ബന്ധം ആരോപിക്കപ്പെട്ടതിനെക്കുറിച്ച് രാമസ്വാമി വിശദീകരിച്ചിരുന്നു. 

എന്നാല്‍ സാകിര്‍ നായിക്കിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നതായും തനിക്ക് സാകിര്‍ നായിക്കുമായി വ്യക്തിപരമായ വിദ്വേഷമില്ലെന്നും രാമസ്വാമി പറഞ്ഞു. 'മുസ്ലിങ്ങള്‍ അല്ലാത്തവരെ അധിക്ഷേപിക്കരുത്. വര്‍ഗീയ വിദ്വേഷങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യരുത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും രാമസ്വാമി ആരോപിച്ചു. 

click me!