
കീവ്: യുക്രൈനിലെ (Ukraine) മരിയുപോള്‍ (Mariupol) നഗരപരിധിയിലെ ഒഴുപ്പിക്കല്‍ ഇന്നും പരാജയപ്പെട്ടു. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും മാനുഷിക ഇടനാഴിയില്‍ ആക്രമണം തുടരുകയാണെന്നും യുക്രൈന്‍ ആരോപിച്ചു. എന്നാല്‍ ഒഴിപ്പിക്കില്‍ പരാജയപ്പെട്ടതിന് യുക്രൈനെ കുറ്റപ്പെടുത്തുകയാണ് റഷ്യ. ആക്രമണം തുടരുന്നത് യുക്രൈനാണെന്നാണ് റഷ്യയുടെ വിശദീകരണം. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനായിരുന്നു റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണവുമായി യുക്രൈന്‍ രംഗത്തെത്തിയത്.
അതേസമയം സപ്രോഷ്യ ആണവനിലയം ആക്രമിച്ചത് റഷ്യയല്ലെന്നും യുക്രൈന്‍ തന്നെയാണെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ വിശദീകരിച്ചു. യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് പുടിന്‍ ആവര്‍ത്തിച്ചു. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന്‍ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
ദില്ലി: യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ നാളെ ഇന്ത്യയിൽ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹർജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാർത്ഥിയിപ്പോൾ. അക്രമത്തിൽ ഹർജോതിന് പാസ്പോർട്ട് അടക്കം നഷ്ടമായിരുന്നു.
വെടിയേറ്റ ശേഷവും ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്താൻ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹർജോത് അഭ്യർത്ഥിച്ചു. പിന്നാലെ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രി വി.കെ സിങ്ങിനെപ്പം നാളെ ഹർജോത് നാട്ടിലെത്തും.
'സുരക്ഷയിൽ ആശങ്ക, എംബസിയുടെ സഹായം ലഭിച്ചില്ല', വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം
മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുൻപ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിന്റെ കുടുംബം. മകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഉടൻ തിരികെ എത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ''ഹർജോതിന്‍റെ ശരീരത്തിന്‍റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിൽ തുളഞ്ഞ് കയറി. ആശുപത്രിയിൽ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇടപെടമെന്നും വിദ്യാർത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും'' ഹർജോതിന്റെ കുടുംബം ആവശ്യപ്പെട്ടു.