വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം

Published : Dec 14, 2025, 11:48 PM IST
Ahmed al ahmed

Synopsis

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്പ്പിനിടെ, അഹമ്മദ് അൽ അഹമ്മദ് എന്നയാൾ അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി. നിരവധി പേരുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉൾപ്പെടെ ലോകം ഹീറോയായി വാഴ്ത്തുകയാണ്.

സിഡ്​നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പ്പിനിടെ ജീവൻ പണയം വെച്ചും അക്രമിയെ കീഴ്പ്പെടുത്തുകയും നിരവധി പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത യുവാവിന്റെ ധൈര്യത്തെ വാഴ്ത്തി ലോകം. സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നതിനിടെ, നിരായുധനായ ഒരാൾ തോക്കുധാരികളിൽ ഒരാളെ നേരിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 43 വയസ്സുള്ള അഹമ്മദ് അൽ അഹമ്മദ് എന്ന പഴക്കച്ചവടക്കാരനാണ് അക്രമിയെ നേരിട്ടതെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ അദ്ദേഹത്തിന് രണ്ട് വെടിയേറ്റു. പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന അഹമ്മദ്, പിന്നിൽ നിന്ന് തോക്കുധാരിയുടെ അടുത്തെത്തുകയും കഴുത്തിൽ പിടിച്ച് തോക്ക് പിടിച്ചുവാങ്ങി അക്രമിയെ തള്ളിയിടുകയും, തുടർന്ന് ആയുധം അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്തു. 

അഹമ്മദിന്റെ ധീരത നിരവധിപേരുടെ ജീവൻ രക്ഷിച്ചു. അഹമ്മദ് ആശുപത്രിയിലാണ്, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലെന്ന് അഹമ്മദിന്റെ ബന്ധുവായ മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം സുഖമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു ഹീറോയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽമീഡിയയിൽ അഹമ്മദിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തി. പ്രധാനമന്ത്രി ആന്റണി അൽബനീസും അഹമ്മദിനെ ഹീറോ എന്ന് വിശേഷിപ്പിച്ചു.

ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ ജൂത മത വിശ്വാസികൾക്കുനേരെയുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒരു കുട്ടി ഉൾപ്പെടെ ഇരുപത്തിയൊമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരാണ് അക്രമികളെന്ന് സംശയിക്കുന്നവരെന്ന് പൊലീസ് വ്യക്തമാക്കി. ഒരാൾ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തുള്ള ഒരു വാഹനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയത്താണ് ആക്രമണം നടന്നതെന്നും അക്രമണം ഭീകര സംഭവമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു ഇസ്രായേലി പൗരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ദേശീയ സുരക്ഷാ സമിതി അടിയന്തരമായി വിളിച്ചുകൂട്ടിയതായി പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.

ഹനുക്ക ആഘോഷത്തിനിടെ ബോണ്ടിയിൽ ഭീകരാക്രമണം ഉണ്ടായി. ഹനുക്കയുടെ ആദ്യ ദിവസം ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്നാണ് നി​ഗമനം. അക്രമണം നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജൂത ഓസ്‌ട്രേലിയക്കാർക്കെതിരായ ആക്രമണം ഓരോ ഓസ്‌ട്രേലിയക്കാരനും നേരെയുള്ള ആക്രമണമാണ്. നമ്മുടെ രാജ്യത്ത് ഈ വെറുപ്പിനും അക്രമത്തിനും ഭീകരതയ്ക്കും സ്ഥാനമില്ല. ഞങ്ങൾ അത് ഇല്ലാതാക്കുമെന്ന് ഞാൻ വ്യക്തമായി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്