200 ക്യാമറകളുണ്ടായിട്ടും ഒന്നിലുമില്ലാത്ത അപകടം, ഭാര്യയുടെ മരണത്തിൽ ബോധക്ഷയം അഭിനയിച്ച ഭർത്താവ് തന്നെ കുടുങ്ങി

Published : Dec 02, 2024, 11:32 PM ISTUpdated : Dec 02, 2024, 11:34 PM IST
200 ക്യാമറകളുണ്ടായിട്ടും ഒന്നിലുമില്ലാത്ത അപകടം, ഭാര്യയുടെ മരണത്തിൽ ബോധക്ഷയം അഭിനയിച്ച ഭർത്താവ് തന്നെ കുടുങ്ങി

Synopsis

ഒരു ക്യാമറയിൽ സ്ത്രീ കടലിലേക്ക് വീഴുന്നത് മാത്രമാണ് പതിഞ്ഞത്. എന്നാൽ അതിൽ പോലും ദുരൂഹത സംശയിക്കാവുന്ന ഒരു ചെറിയ ഭാഗമുണ്ടായിരുന്നു

ബെയ്ജിങ്: 46 വയസുകാരി ഫെറിയിൽ നിന്ന് കടലിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. അപകടമെന്ന് കരുതിയിരുന്ന സംഭവത്തിൽ അന്വേഷണ ഏജൻസികൾ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഭർത്താവിലേക്ക് തന്നെ ഒടുവിൽ എത്തിച്ചേർന്നത്. ഒപ്പം ഭാര്യയെ കൊന്ന് അതിൽ നിന്ന് പണമുണ്ടാക്കി തന്റെ കടം വീട്ടാൻ ഉൾപ്പെടെ പദ്ധതിയിട്ടിരുന്ന മദ്ധ്യവയസ്കൻ ഒടുവിൽ പിടിയിലാവുകയും ചെയ്തു.

ചൈനീസ് മാധ്യമങ്ങളായ സിസിടിവിയും സൗത്ത് ചൈന മോണിങ് സ്റ്റാറുമാണ് കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തത്. 2021 മേയ് 5നാണ് സംഭവം നടന്നത്. ലിയോനിങ് പ്രവിശ്യയിലെ ഡാലിയാനിൽ നിന്ന് ഷാൻഡോങ് പ്രവിശ്യയിലെ യാന്റായിലേക്കുള്ള യാത്രയ്ക്കിടെ 46കാരി ഫെറിയിൽ സുരക്ഷാ വേലി മറികടന്ന്  കടയിലേക്ക് വീഴുകയായിരുന്നു. 45 മിനിറ്റ് നീണ്ട തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹം കണ്ടെടുത്തു. വിവരമറിഞ്ഞ് കടുത്ത മാനസിക ആഘാതം അഭിനയിച്ച ഭർത്താവ് ശരീരം കുഴഞ്ഞുപോയ അവസ്ഥയിലായിരുന്നു.

സംഭവം അപകടമാണെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും അത് സംഭവിച്ച സ്ഥലം പരിശോധിച്ചപ്പോൾ സംശയം ജനിച്ചു. 200ഓളം സിസിടിവി ക്യാമറകൾ ഉണ്ടായിരുന്ന ഫെറിയിൽ ഒരു ക്യമറയിലും പതിയാത്ത സ്ഥലത്തുവെച്ചു തന്നെ അപകടം സംഭവിച്ചതും മൃതദേഹം പരിശോധിച്ചപ്പോൾ മുഖത്ത് കണ്ട പാടുകളും ദുരൂഹത ഉണർത്തി. ഇതിനെല്ലാം പുറമെ ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ഭർത്താവ് കാണിച്ച വ്യഗ്രതയും അസ്വഭാവികമായിരുന്നു. ആചാരമനുസരിച്ച് മൂന്ന് ദിവസത്തിനകം മൃതദേഹം സംസ്കരിക്കണമെന്ന് പറഞ്ഞ് ഇയാൾ നിർബന്ധിക്കുകയായിരുന്നു. സംശയം തോന്നിയ അധികൃതർ മരണ സർട്ടിഫിക്കറ്റ് കൈമാറാനെന്ന പേരിൽ ഇയാളെ മറ്റൊരു നഗരത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഷാങ്ഹായിലെ ഇയാളുടെ താമസ സ്ഥലത്ത്  രഹസ്യമായി  പരിശോധന നടത്തി.

ഇയാൾക്ക് ഷാങ്ഹായിൽ ഒരു റസ്റ്റോറന്റ് ഉണ്ടെന്ന് അന്വേഷണത്തിൽ മനസിലാക്കി. ഭാര്യയും ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ ഇരുവരും വിവാഹിതരാണെന്ന് ഇവിടെയുള്ള മറ്റ് ജീവനക്കാർക്ക് ആർക്കും അറിയില്ലായിരുന്നു. നേരത്തെ രണ്ട് തവണ വിവാഹിതയാവുകയും രണ്ട് കുട്ടികളുമുള്ള സ്ത്രീയെ ഇയാൾ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. താമസ സ്ഥലത്തെ അയൽവാസികൾക്കും ഇരുവരും തമ്മിൽ ബന്ധമുള്ളത് അറിയില്ല. 

വിശദമായ അന്വേഷണത്തിൽ ഇയാളുടെ 19കാരിയായ കാമുകിയെയും അന്വേഷണ സംഘം കണ്ടെത്തി. വിവാഹം കഴിഞ്ഞയുടൻ തന്നെ ഇയാൾ ഭാര്യയുടെ പേരിൽ 4 ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നെന്നും എല്ലാത്തിലും അവകാശിയായി തന്റെ പേര് മാത്രമാണ് വെച്ചിരുന്നത്. യാത്രകൾക്കിടെയുണ്ടാവുന്ന അപകടത്തിൽ ഭാര്യ മരണപ്പെടുകയാണെങ്കിൽ 1.6 ദശലക്ഷം ഡോളാറാണ് ഇയാൾക്ക് ലഭിക്കുമായിരുന്നത്. ഈ പണം കിട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഏതാണ്ട് ഉറപ്പായി. 

തെളിവുകളെല്ലാം എതിരായിട്ടും ഇയാൾ നിരപരാധിയായി അഭിനയിച്ചു. എന്നാൽ ഭാര്യയുടെ മരണത്തിന് കാരണമായത് ഫെറിയിൽ നിന്ന് ബലം പ്രയോഗിച്ച് തള്ളിയിട്ടതു കൊണ്ടാണെന്ന് ഫോറൻസിക് പരിശോധയിലും തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഇവർ താഴേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് പിന്നിൽ ഒരാളുടെ കൈ മാത്രം കണ്ടതും തെളിവായി. ദൃശ്യങ്ങളിലുള്ള വസ്ത്രവും സംഭവം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രവും ഒരേ പോലുള്ളതാണെന്നും കണ്ടെത്തി. ഇതോടെയാണ് കേസിൽ ഭർത്താവ് തന്നെയാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. വിചാരണ പൂർത്തിയാക്കി പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്