Latest Videos

ഇത് ചൈന ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കിയ ചിത്രം

By Web TeamFirst Published Oct 11, 2019, 5:22 PM IST
Highlights

ആയിരക്കണക്കിന് പൊതുജനങ്ങളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്ന ചൈനീസ് ആർമിയിലെ  പട്ടാളക്കാർക്കുവേണ്ടി പെങ്  പാടുന്ന ചിത്രമാണ് ഇത്. 
 

ഷി ജിൻപിങ്ങിന്റെ പത്നി പെങ് ലിയുവാൻ ചൈനയിൽ മാധ്യമങ്ങൾക്ക് ഏറെ പ്രിയങ്കരിയാണ്. അവരുടെ ഫാഷൻ സെൻസും, ഗായിക എന്ന നിലയിലുള്ള അവരുടെ മുൻകാല പശ്ചാത്തലവും അവർക്ക് ഏറെ ഗ്ലാമറസായ ഒരു പരിവേഷമാണ് ചൈനീസ് മാധ്യമങ്ങളിൽ നല്കിപ്പോന്നിട്ടുള്ളത്. എന്നാൽ, അവരുടെ ഭൂതകാലത്തിന്റെ ഓർമകളിൽ എല്ലാമൊന്നും അത്രക്ക് ഹരം പകരുന്നവയല്ല. 

പെങ് ലിയുവാൻറെ ഗാനാലാപനസപര്യ ചൈനീസ് മിലിട്ടറിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. 'ആർട്ടിസ്റ്റ് സോൾജ്യർ' എന്ന വിഭാഗത്തിൽ ചൈനീസ് സൈന്യത്തിൽ എൻറോൾ ചെയ്യപ്പെട്ടിട്ടുള്ള പെങ്ങിന്റെ റാങ്ക് നമ്മുടെ മേജർ ജനറലിന്റേതിന് തുല്യമായിരുന്നു. 

അസോസിയേറ്റഡ് പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ ചിത്രം പെങ് ലിയുവാൻറെ ചെറുപ്പകാലത്തെയാണ്. 1989-ൽ, ടിയാനൻമെൻ സ്‌ക്വയർ സംഭവം കഴിഞ്ഞ ശേഷം, ജനാധിപത്യത്തിനുവേണ്ടി സമാധാനപൂർവം പ്രതിഷേധിച്ച ആയിരക്കണക്കിന് പൊതുജനങ്ങളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്ന ചൈനീസ് ആർമിയിലെ  പട്ടാളക്കാർക്കുവേണ്ടി പെങ്  പാടുന്ന ചിത്രമാണ് ഇത്. 

ഈ AP ചിത്രം ഒരു ചൈനീസ് ഓൺലൈൻ മാസികയുടെ സ്‌ക്രീൻ ഷോട്ടാണ്. 2013-ൽ പ്രത്യക്ഷപ്പെട്ട് കുറച്ചുനേരത്തിനുള്ളിൽ തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് തുടച്ചുനീക്കപ്പെട്ടിരുന്നു അന്ന് ഈ ചിത്രം. 

കടുത്ത സെൻസർഷിപ്പ് ചട്ടങ്ങൾ നിലവിലുള്ള ചൈനയിൽ പല വാക്കുകളും സെർച്ച് എഞ്ചിനുകളിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. 'ടിയാനൻമെൻ', 'സ്‌ക്വയർ', 'സിക്സ് ഫോർ', 'നെവർ ഫോർഗെറ്റ്' എന്നിങ്ങനെയുള്ള പലവാക്കുകളും, എന്തിന് 'മെഴുകുതിരി' എന്ന വാക്കുപോലും ചൈനയിൽ സെർച്ച് ചെയ്യുന്നതിന് വിലക്കുണ്ട്. 

click me!