
ദില്ലി: കേന്ദ്ര ബജറ്റിൽ അയൽരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിൽ ബംഗ്ലാദേശിനും ഇറാനുമുള്ള പങ്ക് വെട്ടി കേന്ദ്ര സർക്കാർ. അതേസമയം, രാജ്യങ്ങൾക്കുള്ള സഹായം എന്നതിനുള്ള ബജറ്റ് വിഹിതം 5686 കോടി രൂപയായി വർദ്ധിപ്പിച്ചു,. കഴിഞ്ഞ വർഷം 5483 കോടി രൂപയായിരുന്നു. ഇത്തവണ നാല് ശതമാനം വർധിപ്പിച്ചു. എന്നാൽ 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ നൽകിയിരുന്ന 5785 കോടി രൂപയേക്കാൾ 100 കോടി രൂപ കുറവാണ്. ബംഗ്ലാദേശിനുള്ള വിഹിതമാണ് ഏറ്റവും കൂടുതൽ കുറവ് വരുത്തിയത്. സഹായം 120 കോടി രൂപയിൽ നിന്ന് 60 കോടി രൂപയാക്കി കുറച്ചു. മുൻ നേതാവ് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ഉഭയകക്ഷി ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് കുറവ് വരുത്തിയത്. ബംഗ്ലാദേശിന് പുറമെ, ഇറാന് അനുവദിച്ച സഹായത്തിലും കുറവ് വരുത്തി.
രാജ്യത്ത് ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിനായി ഇറാനുമായി പത്ത് വർഷത്തെ കരാറിൽ ഒപ്പുവച്ചിട്ടും ഇറാനിലെ ചാബഹാർ തുറമുഖത്തിനായി കേന്ദ്ര സർക്കാർ ഒന്നും അനുവദിച്ചിട്ടില്ല. ഇറാനിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെയും അമേരിക്കയുമായുള്ള ബന്ധത്തിന്റെയും പശ്ചാത്തലത്തിലാണ് സഹായം കുറച്ചത്.
അതേസമയം, മറ്റ് അയൽ രാജ്യങ്ങൾക്കുള്ള സഹായം വർദ്ധിപ്പിച്ചു. ഭൂട്ടാനുള്ള സഹായം 6 ശതമാനം വർദ്ധിച്ച് 2289 കോടി രൂപയായി. നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നിവയ്ക്ക് യഥാക്രമം ഏകദേശം 800 കോടി രൂപ, 40 കോടി രൂപ, 300 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു. മാലിദ്വീപിനും മൗറീഷ്യസിനും വീതവും 550 കോടി രൂപയും അഫ്ഗാനിസ്ഥാന് 150 കോടി രൂപയും മംഗോളിയയ്ക്ക് 25 കോടി രൂപയും ആഫ്രിക്കൻ രാജ്യങ്ങൾക്ക് 225 കോടി രൂപയും സീഷെൽസിന് 19 കോടി രൂപയും അനുവദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam