
റിയാദ്: മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി സൗദി അറേബ്യക്ക് അത്യാധുനിക പാട്രിയറ്റ് മിസൈലുകൾ കൈമാറാൻ അമേരിക്കൻ അനുമതി. ഏകദേശം 900 കോടി ഡോളർ (ഏകദേശം 75,000 കോടി രൂപ) വിലമതിക്കുന്ന വമ്പൻ കരാറിനാണ് യു.എസ് വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.
സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനത്തെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാക്കേജിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു;
730 PAC-3 MSE (Patriot Advanced Capability-3 Missile Segment Enhancement) അത്യാധുനിക മിസൈലുകളാണ് നൽകുന്നത്. നിലവിലുള്ള പാട്രിയറ്റ് ലോഞ്ചറുകളിൽ പുതിയ മിസൈലുകൾ ഉപയോഗിക്കാനാവശ്യമായ മോഡിഫിക്കേഷൻ കിറ്റുകൾ, ഓട്ടോമേറ്റഡ് ലോജിസ്റ്റിക്സ് സിസ്റ്റം, അഡ്വാൻസ്ഡ് സോഫ്റ്റ്‌വെയർ മാനേജ്‌മെന്റ് എന്നിവയിലും പിന്തുണ നൽകും. പരിശീലനവും അറ്റകുറ്റപ്പണിയും കരാറിലുണ്ട്. ടെസ്റ്റിങ്ങിനായുള്ള ടെലിമെട്രി ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ, സാങ്കേതിക സഹായം എന്നിവ നൽകും. ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് ഈ ബൃഹദ് കരാറിന് നേതൃത്വം നൽകുന്നത്.
ഡിഫൻസ് സെക്യൂരിറ്റി കോപ്പറേഷൻ ഏജൻസി ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം യു.എസ് കോൺഗ്രസിനെ അറിയിച്ചു. ഈ വിൽപന മിഡിൽ ഈസ്റ്റിലെ സൈനിക സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തില്ലെന്ന് പെന്റഗൺ വ്യക്തമാക്കി. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ സൗദിയെ പ്രാപ്തമാക്കും. അമേരിക്കയുടെ സ്വന്തം പ്രതിരോധ സന്നദ്ധതയെ ബാധിക്കാത്ത രീതിയിലാണ് ഈ കൈമാറ്റം ക്രമീകരിച്ചിരിക്കുന്നത്. സൗദി-അമേരിക്ക പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam