Russia Ukraine crisis : 'യുദ്ധം ഉടന്‍ നിര്‍ത്തണം'; പുടിനെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി

Published : Feb 26, 2022, 12:47 PM IST
Russia Ukraine crisis : 'യുദ്ധം ഉടന്‍ നിര്‍ത്തണം'; പുടിനെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി

Synopsis

''ഡോണട്‌സ്‌ക്, ലൂഹാന്‍സ്‌ക് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. സമാധാനത്തിന് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തത്. അല്ലാതെ യുദ്ധത്തിനല്ല''  

മോസ്‌കോ: യുക്രൈനെതിരെയുള്ള (Ukraine)  റഷ്യയുടെ (Russia) സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ് (Mikhail Matveev) രംഗത്ത്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദ റഷ്യന്‍ ഫെഡറേഷന്‍ നേതാവും എംപിയുമായ മാറ്റ് വീവ് പ്രതിപക്ഷ നേതാക്കളില്‍ പ്രധാനിയാണ്. ''ഡോണട്‌സ്‌ക്, ലൂഹാന്‍സ്‌ക് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. സമാധാനത്തിന് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തത്. അല്ലാതെ യുദ്ധത്തിനല്ല''-അദ്ദേഹം പറഞ്ഞു. യുദ്ധത്തിനെതിരെ റഷ്യയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തിനെതിരെ അണിനിരന്ന ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹ നടപടിയായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

യുക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. അതേസമയം യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും പിബി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രൈനെ  നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. 

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം, മൂന്നാംദിനത്തിലും യുക്രൈനില്‍ വ്യോമാക്രമണത്തിന് ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. അതേസമയം കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു.യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാര്‍കീവില്‍ സ്‌ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇത് യുക്രൈന്‍ സൈന്യം ചെറുത്തെന്നാണ് വിവരം. ബെറസ്റ്റെീസ്‌കയില്‍ റഷ്യന്‍ വാഹനവ്യൂഹം തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. രണ്ട് ട്രക്കുകളും രണ്ട് കാറുകളും ഒരു ടാങ്കുമാണ് തകര്‍ത്തത്. വാസില്‍കീവിലെ വ്യോമത്താവളത്തില്‍ വെടിവപ്പുണ്ടായി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകള്‍ക്ക് സമീപമോ ബാല്‍ക്കണിയിലോ നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം