ഓസ്ട്രേലിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങൾ കർശനമാക്കി, രാജ്യത്തെ 'ഹൈ റിസ്ക്' അഥവാ അസസ്മെന്റ് ലെവൽ മൂന്ന് വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ വിസ അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മപരിശോധന ആവശ്യമായി വരും.
ദില്ലി: അന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്ക് (ഉയർന്ന അപകടസാധ്യതയുള്ള) വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ. അസസ്മെന്‍റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസക്ക് കര്‍ശനമായ ഡോക്യുമെന്‍ററി ആവശ്യകതകളും അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മപരിശോധനയും നടത്തും. ഓസ്ട്രേലിയയിലെ ആകെ 6.5 ലക്ഷം വിദേശ വിദ്യാര്‍ഥി എന്‍റോള്‍മെന്‍റുകളില്‍ 1.4 ലക്ഷവും ഇന്ത്യയില്‍ നിന്നാണ്. റിപ്പോർട്ട് അനുസരിച്ച്, വിദ്യാർത്ഥികൾ ഇനി സാമ്പത്തികസ്ഥിതി, ഇംഗ്ലീഷ് പ്രാവീണ്യം, വിസ ലഭിക്കുന്നതിനുള്ള യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിപുലമായ തെളിവുകൾ നൽകേണ്ടതുണ്ട്.
ഉയർന്ന റിസ്ക് ലെവലുകൾക്ക് കൂടുതൽ രേഖകൾ ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ മുൻ ഡെപ്യൂട്ടി സെക്രട്ടറി അബുൽ റിസ്‌വി പറഞ്ഞു. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക.
2026 ജനുവരി 8 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഓസ്‌ട്രേലിയയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് തുടർന്നും സൗകര്യമൊരുക്കുമൊന്നും ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യയെ കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയുൾപ്പെടെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളെയും അസെസ്മെന്‍റ് ലെവല്‍ മൂന്നിലേക്ക് വിഭാഗത്തിലേക്ക് മാറ്റി. പാകിസ്ഥാൻ നേരത്തെ ഈ പട്ടികയിലാണ്.
ഓസ്‌ട്രേലിയ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച രാജ്യം ഇപ്പോഴും ഓസ്ട്രേലിയയയാണെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു. ഇന്ത്യയിൽ അടുത്തിടെ നടന്ന വൻ വ്യാജ ബിരുദ വിവാദമാണ് കാറ്റഗറി മാറ്റാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സർവകലാശാലകളിലേക്ക് 10 ലക്ഷത്തിലധികം വ്യക്തികളുടെ വ്യാജ രേഖകൾ വിതരണം ചെയ്ത വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കേരള പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പിനെതിരെ നടപടിയെടുക്കുന്നതിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സർക്കാർ പരാജയപ്പെട്ടുവെന്ന് ഓസ്‌ട്രേലിയൻ സെനറ്റർ മാൽക്കം റോബർട്ട്സ് ആരോപിച്ചു. ഇന്ത്യയിലെ പൊലീസ് 22 സർവകലാശാലകളിൽ നിന്ന് 100,000 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. അവയിൽ 1 ദശലക്ഷത്തിലധികം വിദേശ ജോലികൾക്കായി ഉപയോഗിച്ചിരിക്കാമെന്നും റോബർട്ട്സ് ജനുവരി 6 ന് എക്‌സിൽ കുറിച്ചു. ഇതിൽ ഭൂരിഭാഗം പേരും നഴ്സിംഗ്, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനെക്കുറിച്ച് ഞാൻ ഓഗസ്റ്റിൽ മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയയിൽ 23,000 വിദേശ വിദ്യാർത്ഥികളെ വ്യാജ ബിരുദങ്ങളുമായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
