ടൊറന്‍റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിന്‍റെ കാർഗോ അറയിൽ ഗ്രൗണ്ട് ക്രൂ ജീവനക്കാരൻ കുടുങ്ങി. യാത്രക്കാർ അസ്വാഭാവിക ശബ്ദം കേട്ട് അറിയിച്ചതിനെ തുടർന്ന് വിമാനം തിരികെ ഗേറ്റിലെത്തിച്ച് ജീവനക്കാരനെ രക്ഷപ്പെടുത്തി.
ഒന്‍റാറിയോ: കാനഡയിലെ ടൊറന്‍റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിനുള്ളിൽ ഗ്രൗണ്ട് ക്രൂ ജീവനക്കാരൻ കുടുങ്ങിയത് വലിയ പരിഭ്രാന്തി പരത്തി. കഴിഞ്ഞ മാസം നടന്ന ഈ സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. ടൊറന്‍റോയിൽ നിന്ന് മോങ്ക്ടണിലേക്ക് പോകേണ്ടിയിരുന്ന എയർ കാനഡ റൂഷ് വിമാനം (ഫ്ലൈറ്റ് AC1502) റൺവേയിലേക്ക് നീങ്ങുമ്പോഴാണ് വിമാനത്തിന്‍റോ അടിഭാഗത്തുള്ള കാർഗോ അറയിൽ നിന്ന് അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്.
വിമാനത്തിന്‍റെ പിൻഭാഗത്തിരുന്ന യാത്രക്കാരാണ് കാർഗോ അറയ്ക്കുള്ളിൽ നിന്ന് ആരോ നിലവിളിക്കുന്നതും തട്ടുന്നതുമായ ശബ്‍ദം കേട്ടത്. യാത്രക്കാർ ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് പൈലറ്റ് വിമാനം റൺവേയിൽ നിന്ന് തിരികെ ഗേറ്റിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ ചരക്ക് കയറ്റുന്നതിനിടയിൽ അബദ്ധവശാൽ വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് ഒരു ജീവനക്കാരൻ ഉള്ളിൽ കുടുങ്ങിയതാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ഇയാളെ പുറത്തെത്തിച്ചു. ഭാഗ്യവശാൽ ഇയാൾക്ക് പരിക്കുകളൊന്നുമില്ല.
വിമാനം വൈകി
ജീവനക്കാരൻ സുരക്ഷിതനായി പുറത്തെത്തിയെങ്കിലും ഈ സംഭവം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞതിനാലും മറ്റ് സാങ്കേതിക പ്രശ്നങ്ങളാലും ആ വിമാനം പിന്നീട് റദ്ദാക്കി. ഏകദേശം 11 മണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് യാത്രക്കാർക്ക് പകരം വിമാനം ലഭിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് സേഫ്റ്റി നടപടികളിൽ വന്ന വീഴ്ചയെക്കുറിച്ച് എയർ കാനഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം പറന്നുയരുന്നതിന് മുൻപ് ജീവനക്കാരനെ കണ്ടെത്താൻ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി.


