മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി, പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

By Web TeamFirst Published Jul 23, 2022, 8:06 PM IST
Highlights

മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ് . 70 % രോഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്.

ജനീവ: മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌  രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ്‌ അധാനോം ആണ്  നിർണായക തീരുമാനം പ്രഖ്യാപിച്ചത്. 

മൂന്ന് സാഹചര്യങ്ങൾ  ചേർന്ന് വന്നാൽ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകർച്ച ഉണ്ടാകുമ്പോൾ, ആ രോഗപ്പകർച്ച രാജ്യാതിരുകൾ ഭേദിച്ച്  പടരുമ്പോൾ, രോഗത്തെ തടയണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോൾ. മങ്കിപോക്സിന്‍റെ കാര്യത്തിൽ ഇതെല്ലം ചേർന്നുവന്നിരിക്കുന്നു. 

നാല് പതിറ്റാണ്ട് ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടർന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്‍റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. 

ഇതുവരെ ലോകത്ത് ആകെ അഞ്ച് മങ്കിപോക്സ്‌ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മങ്കിപോക്സിനെ  ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിച്ചത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പിൽ ഡബ്ല്യുഎച്ച്ഒ ലോകരാജ്യങ്ങളോട് മൂന്ന് അഭ്യർത്ഥനകൾ നടത്തി. രോഗത്തെ നേരിടാൻ കൃത്യവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് തടയാൻ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഏർപ്പെടുത്തണം. പരിശോധനയ്ക്കും ചികിത്സയ്ക്കും രോഗ സാധ്യതയുള്ളവരിൽ പ്രതിരോധ വാക്സിനേഷന്‍ സംവിധാനം വേണം. 

പലവട്ടം നടന്ന കൂടിയാലോചനകൾക് ഒടുവിൽ നിർണായക തീരുമാനം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ഇനിയങ്ങോട്ട് ജാഗ്രതയുടെ നാളുകളാണ്. യൂറോപ്യൻ രാജ്യങ്ങളിൽ രോഗം പകർന്ന വേഗത വെച്ച് നോക്കുമ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സുപ്രധാന രോഗപ്രതിരോധ നടപടികളിലേക്ക് കടക്കേണ്ട കാലമായി എന്നർത്ഥം.

Read Also : കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ സംവിധാനം ശക്തിപ്പെടുത്തണം: കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

click me!