യുദ്ധത്തിനിടയിൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയിൽ നീക്കാന്‍ ഉക്രെയ്നും റഷ്യയും കരാറിൽ ഒപ്പുവച്ചു

By Web TeamFirst Published Jul 23, 2022, 6:03 PM IST
Highlights

മോസ്കോയും കീവും തമ്മിലുള്ള ശത്രുത ഒപ്പിടൽ ചടങ്ങിലും കാണാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേശയ്ക്ക് ചുറ്റും പതാകകൾ പ്രദർശിപ്പിച്ചതിനെക്കുറിച്ചുള്ള തർക്കങ്ങളും റഷ്യക്കാരുടെ അതേ രേഖയിൽ ഉക്രെയ്ൻ അതിന്റെ പേര് ചേർക്കാൻ വിസമ്മതിച്ചതും കരാര്‍ ഒപ്പിടന്‍ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

ഇസ്താംബൂള്‍: ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നത് ലക്ഷ്യമിട്ട് സുപ്രധാന കരാറിൽ ഉക്രെയ്‌നും റഷ്യയും വെള്ളിയാഴ്ച ഒപ്പുവച്ചു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ചാണ് മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍ കരാറില്‍ ഒപ്പിട്ടത്. ഫെബ്രുവരിയിൽ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനുശേഷം യുദ്ധത്തിലായ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന കരാറാണ് ഇത്.

റഷ്യ യുക്രൈന്‍ യുദ്ധം മൂലം യുദ്ധം കാരണം 47 ദശലക്ഷം ആളുകൾ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. പുതിയ കരാര്‍ ഈ പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷ. കരിങ്കടൽ വഴിയുള്ള ധാന്യങ്ങളുടെ കയറ്റുമതി നിലച്ചത് മൂലം ആഗോള ഭക്ഷ്യപ്രതിസന്ധി ഉടലെടുത്തിരുന്നു. റഷ്യന്‍ അധിനിവേശത്തിന് ആഗോളതലത്തില്‍ ഗോതമ്പ് വില കുത്തനെ ഉയര്‍ന്നിരുന്നു. ഇത് കുറയ്ക്കാന്‍ പുതിയ കരാര്‍ ഗുണപ്പെട്ടേക്കും. 

മോസ്കോയും കീവും തമ്മിലുള്ള ശത്രുത ഒപ്പിടൽ ചടങ്ങിലും കാണാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേശയ്ക്ക് ചുറ്റും പതാകകൾ പ്രദർശിപ്പിച്ചതിനെക്കുറിച്ചുള്ള തർക്കങ്ങളും റഷ്യക്കാരുടെ അതേ രേഖയിൽ ഉക്രെയ്ൻ അതിന്റെ പേര് ചേർക്കാൻ വിസമ്മതിച്ചതും കരാര്‍ ഒപ്പിടന്‍ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

ഇസ്താംബൂളിലെ ഡോൾമാബാഷെ കൊട്ടാരത്തിൽ വെച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്റെയും തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്റെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും വെവ്വേറെ രേഖകളില്‍ ഒപ്പുവച്ച് കരാറില്‍ എത്തിയത്..

ഇന്ന് കരിങ്കടലില്‍ ഒരു പ്രതീക്ഷയുടെ ദീപസ്തംഭം ഉണ്ടായിരിക്കുന്നു,  പ്രതീക്ഷയുടെ വിളക്കുമാടമാണത്. സാധ്യതയുടെ വിളക്കുമാടമാണത്. ആശ്വാസത്തിന്റെ വിളക്കുമാടമാണത്"  കരാര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഒപ്പിട്ട ശേഷം  അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.  "ഈ കരാർ റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാനത്തിലേക്കുള്ള പാത പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്‍ പറഞ്ഞു.

എന്നാൽ റഷ്യ കരാർ ലംഘിച്ച് തങ്ങളുടെ കപ്പലുകളെ ആക്രമിക്കുകയോ തുറമുഖങ്ങൾക്ക് ചുറ്റും നുഴഞ്ഞുകയറ്റം നടത്തുകയോ ചെയ്താൽ തിരിച്ചടിയുണ്ടാകും എന്ന  മുന്നറിയിപ്പ് നൽകിയാണ് ഉക്രെയ്ൻ കരാറില്‍ ഒപ്പിട്ടത്. ഉടമ്പടി നടപ്പാക്കാനുള്ള ഉത്തരവാദിത്തം യു.എന്നിന് മാത്രമായിരിക്കുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പിന്നീട് അറിയിച്ചു. യുഎന്നിന് പുറമേ തുര്‍ക്കിക്കാണ് കരാര്‍ നടപ്പിലാക്കാനുള്ള സഹ ഉത്തരവാദിത്വം.

കരിങ്കടലിലെ സുരക്ഷിത ഇടനാഴികളിലൂടെ ധാന്യം കയറ്റിയ കപ്പലുകൾ ഓടിക്കാം എന്നതാണ് കരാറിലെ പ്രധാന ഉടമ്പടി. 
ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്നുള്ള ഗോതമ്പും മറ്റ് ധാന്യങ്ങളും റഷ്യൻ യുദ്ധക്കപ്പലുകള്‍ തടഞ്ഞതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.  കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ നിന്നും നിലവിലെ വിളവിൽ നിന്നുമുള്ള ഏകദേശം 20 ദശലക്ഷം ടൺ ഉൽപന്നങ്ങൾ കരാർ പ്രകാരം കയറ്റുമതി ചെയ്യുമെന്ന് സെലെൻസ്കി അറിയിച്ചു. ഉക്രെയ്നിലെ ധാന്യ ശേഖരത്തിന്‍റെ മൂല്യം ഏകദേശം 10 ബില്യൺ ഡോളറാണ്.

കരാര്‍ നിലവില്‍ വന്നതോടെ റഷ്യയുടെ അധിനിവേശത്തിന് മുമ്പുള്ള നിലയിലേക്ക് ഗോതമ്പ് വില ഇടിയും എന്നതാണ് വിദഗ്ധർ കരാറിനെക്കുറിച്ച്  പ്രകടിപ്പിച്ചത്. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ യൂറോപ്യന്‍, യുഎസ് വിപണികളില്‍ വില കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വരും ദിവസങ്ങളിൽ തന്നെ കരാർ നടപ്പിലാക്കുമെന്നാണ്, റഷ്യയ്ക്കായി കരാര്‍ ഒപ്പിട്ട് മോസ്കോയില്‍ തിരിച്ചെത്തിയ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു മാധ്യമങ്ങളോട് പറഞ്ഞത്.  കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുണ്ടായിരുന്നു നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കരാറിലൂടെ സാധിച്ചെന്ന് റഷ്യന്‍ മന്ത്രി അവകാശപ്പെട്ടു. 

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കരാര്‍ ഒപ്പിട്ടതില്‍ അഭിനന്ദനം അറിയിച്ചു. അതേസമയം കരാര്‍  പാലിക്കാൻ മോസ്കോ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കരാർ വേഗത്തില്‍ നടപ്പാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. റഷ്യയുടെ പ്രവർത്തനങ്ങളും അവരുടെ ഉറപ്പുകളും പൊരുത്തപ്പെടുന്നുണ്ടോ എന്ന്  ഉറപ്പാക്കാൻ കരാര്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ലണ്ടനില്‍ പറഞ്ഞു.

യുക്രൈന്‍ ഇപ്പോള്‍ പഴയ നാടല്ല, മരണംപതുങ്ങിയിരിക്കുന്ന ഒരു കെണി!

ബോംബടക്കം 11 ടണ്‍ ആയുധങ്ങളുമായി സഞ്ചരിച്ച വിമാനം തീഗോളമായി കത്തിയമര്‍ന്നു!

click me!