
അരിസോണ: പ്രായമാകുന്നുവെന്ന് തിരിച്ചറിഞ്ഞത് അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും കുഞ്ഞിന്റെ വരവോടെയാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. അവധി ദിവസങ്ങളില്‍ വിശ്വസിച്ചിരുന്ന ആളല്ലായിരുന്നു താനെന്നും അത്തരം ആഘോഷങ്ങളില്‍ തനിക്ക് ശീലമല്ലായിരുന്നുവെന്നും ജോലിക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഒരാളായിരുന്നു താനെന്നുമാണ് നോര്‍ത്തേണ്‍ അരിസോണ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ പ്രായത്തില്‍ ജോലിക്ക് മാത്രം പ്രാധാന്യം നല്‍കിയ താന് ചുറ്റുമുള്ളവരേയും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നതായും ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചടങ്ങില്‍ ബില്‍ ഗേറ്റ്സ് പറഞ്ഞു.
ബിരുദാനന്തര സമയത്ത് അറിഞ്ഞിരുന്നെങ്കിലെന്ന് അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചത്. താൻ പഠിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ആദ്യ പാഠമാണ് ജീവിതം ഒരു ഏകാഭിനയമല്ല. വ്യക്തികൾ അവരുടെ ജീവിതത്തിലുടനീളം നിരവധി കരിയറുകൾ തിരഞ്ഞെടുത്തേക്കാം. ആശയക്കുഴപ്പത്തിന്റെ ശക്തിയെ കുറച്ചുകാണരുത് എന്നതായിരുന്നു രണ്ടാമത്തെ ഉപദേശം. നിങ്ങളുടെ കരിയറിലെ ചില ഘട്ടങ്ങളിൽ, സ്വന്തമായി പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അപ്പോൾ പരിഭ്രാന്തരാകരുത്. ദീർഘനിശ്വാസത്തോടെ കാര്യങ്ങൾ ചിന്തിക്കാൻ സ്വയം നിർബന്ധിക്കുക. പരിഹാരം കണ്ടെത്തുക.
പ്രശ്നം പരിഹരിക്കുന്ന ജോലികളിലേക്ക് ആകർഷിക്കപ്പെടുക എന്നതാണ് ഗേറ്റ്സിന്‍റെ മൂന്നാമത്തെ ഉപദേശം. ഒരു വലിയ പ്രശ്‌നം പരിഹരിക്കുന്ന എന്തെങ്കിലും ചെയ്യാൻ ദിവസങ്ങൾ ചെലവഴിക്കുമ്പോൾ, അത് മികച്ച ജോലി ചെയ്യാൻ തക്കവണ്ണം നിങ്ങളെ ഊർജസ്വലമാക്കുന്നു. സൗഹൃദത്തിന്റെ ശക്തിയെ കുറച്ചുകാണരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ഉപദേശം. ജീവിതം മറക്കുന്ന തരത്തിൽ കഠിനാധ്വാനം ചെയ്യരുത് എന്നാണ് അദ്ദേഹം നല്‍കിയ അഞ്ചാമത്തെ ഉപദേശം. ഈ സമയത്ത് ജീവിതത്തിൽ ജോലിയേക്കാൾ കൂടുതലായി പലതുമുണ്ട് എന്ന് ഞാൻ മനസിലാക്കുന്നുവെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam