ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു

By Web TeamFirst Published May 24, 2019, 3:46 PM IST
Highlights

ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോഴും ഇനിയുള്ള കാലത്തും താന്‍ വേദനിക്കുമെന്ന് രാജി പ്രഖ്യാപനം നടത്തികൊണ്ട് പുറത്തു വിട്ട കുറിപ്പില്‍ തെരേസ മെയ് വ്യക്തമാക്കി

ലണ്ടന്‍: ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ പടിയിറക്കം. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു. തെരേസ മെയ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഒരു തെരേസ മെയ് മന്ത്രിസഭയിലെ ഒരംഗം രാജിവച്ചിരുന്നു. ഇതോടെയാണ് സ്ഥാനമൊഴിയാന്‍ മെയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറിയത്. 

ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോഴും ഇനിയുള്ള കാലത്തും താന്‍ വേദനിക്കുമെന്ന് രാജി പ്രഖ്യാപനം നടത്തികൊണ്ട് പുറത്തു വിട്ട കുറിപ്പില്‍ തെരേസ മെയ് വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തോടൊപ്പം കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനവും ഒഴിയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയുടെ പടിയിറക്കത്തോടെ അടുത്ത പ്രധാനമന്ത്രിയെ ചൊല്ലിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ലണ്ടനില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ അധികാരവടംവലിക്കാവും ഇനി ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 

ജൂണ്‍ ഏഴിന് തന്നെ മെയ് രാജിവച്ചാലും പുതിയ പ്രധാനമന്ത്രിയെ ഉടനെ കണ്ടെത്താന്‍ സാധിച്ചേക്കില്ല എന്നാണ് വിലയിരുത്തല്‍ അങ്ങനെയൊരു സാഹചര്യത്തില്‍ കാവല്‍പ്രധാനമന്ത്രിയായി മെയ് തുടരും. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും. 

click me!